മീഞ്ചന്ത ആർട്‌സ് കോളേജിൽ ക്യാമ്പസ‌് ഫ്രണ്ട‌് ആക്രമണം

കോഴിക്കോട‌്
കൊച്ചി മഹാരാജാസ‌് കോളേജിൽ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ അരുംകൊല ചെയ‌്ത തീവ്രവാദ സംഘം ജില്ലയിലെ ക്യാമ്പസുകളിലും അശാന്തി പടർത്തുന്നു. മീഞ്ചന്ത ഗവ. ആർട‌്സ‌് ആൻഡ‌് സയൻസ‌് കോളേജിൽ എസ‌്ഡിപിഐ ‐ ക്യാമ്പസ‌്ഫ്രണ്ട‌് ഭീകരർ അഴിഞ്ഞാടി. വെള്ളിയാഴ‌്ച അർധരാത്രിയോടെ ഇരുട്ടിന്റെ മറവിൽ കോളേജ‌് യൂണിയൻ ഓഫീസ‌് അടിച്ചു തകർത്തു. ചുവരുകളിൽ നീല നിറത്തിലുള്ള ചായം പൂശി. പുതിയ അധ്യയന വർഷത്തെ മാഗസിൻ രേഖകൾ നശിപ്പിച്ച സംഘം ചെഗുവേരയുടെ ചിത്രം വികൃതമാക്കി. ഈ അക്രമമെല്ലാം ‘മുന്നറിയിപ്പ‌്’ മാത്രമാണെന്ന‌് വാതിലിൽ ചായംകൊണ്ട‌് എഴുതിയിട്ടുമുണ്ട‌്. ക്യാമ്പസിന‌് പുറത്തുനിന്നെത്തിയ എസ‌്ഡിപിഐക്കാരുടെ സഹായത്തോടെയാണ‌് ക്യാമ്പസ‌് ഫ്രണ്ടുകാർ അക്രമം നടത്തിയതെന്ന‌് എസ‌്എഫ‌്ഐ കോളേജ‌് യൂണിറ്റ‌് സെക്രട്ടറി എസ‌് ഒ വിശ്രുത‌് പറഞ്ഞു. പന്നിയങ്കര പൊലീസ‌് കേസെടുത്ത‌് അന്വേഷണം ആരംഭിച്ചു.
ക്യാമ്പസ‌് ഫ്രണ്ടിന‌് കോളേജിൽ യൂണിറ്റില്ല. എംഎസ‌്എഫുമായി ചേർന്നാണ‌് പ്രവർത്തിക്കുന്നത‌്. കോളേജ‌് യൂണിയന‌് നേതൃത്വം നൽകുന്ന എസ‌്എഫ‌്ഐയെ തകർക്കുക എന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ‌് നടന്നത‌്. കോളേജിലെ മറ്റു സംഘടനകളുടെ കൊടികളോ ബാനറുകളോ തകർത്തിട്ടില്ല. കഴിഞ്ഞ തിങ്കളാഴ‌്ച രാവിലെയാണ‌് സംഭവങ്ങളുടെ തുടക്കം. അഭിമന്യു അവസാനമായി ചുമരിലെഴുതിയ ‘വർഗീയത തുലയട്ടെ ’ എന്ന മുദ്രാവാക്യം ഏറ്റെടുത്ത‌് എസ‌്എഫ‌്ഐ പ്രവർത്തകർ ക്യാമ്പയിൻ നടത്തിയിരുന്നു. ഇതിനെതിരെ ക്യാമ്പസ‌് ഫ്രണ്ടുകാർ അന്നുതന്നെ ആക്രമണത്തിന‌് ആക്കം കൂട്ടി. കോളേജിൽ യൂണിറ്റ‌് ഇല്ലതാതിരുന്നിട്ടും ക്യാമ്പസ‌് ഫ്രണ്ടിന്റെ കൊടിയും ഫ‌്ളക‌്സുകളും കോളേജിൽ സ്ഥാപിച്ചു. പ്രധാന ഗേറ്റിന‌് അടുത്താണ‌് സ്ഥാപിച്ചത‌്. അതിനുശേഷം അവർ തന്നെ എടുത്തുമാറ്റി. എസ‌്എഫ‌്ഐയാണ‌് ഇതുചെയ‌്തതെന്ന‌് വരുത്തിത്തീർക്കാനുള്ള ശ്രമം നടന്നു. പ്രകോപനം സൃഷ‌്ടിക്കാനായി എസ‌്എഫ‌്ഐയുടെ ചുവരെഴുത്തുകളും കൊടികളും ബാനറുകളും നശിപ്പിച്ചുതുടങ്ങി.
വെള്ളിയാഴ‌്ച രാത്രിയാണ‌് വ്യാപക ആക്രമണം ഉണ്ടായത‌്. യൂണിയൻ ഓഫീസിന്റെ പൂട്ട‌് തകർത്ത‌് റൂമിനകത്ത‌് കയറുകയായിരുന്നു. ഇതിന‌് പുറമെ ഓഡിറ്റോറിയത്തിനു സമീപം തൂക്കിയിരുന്ന ബാനറുകളും നശിപ്പിച്ചു. നീല പെയിന്റ‌് ഉപയോഗിച്ച‌് ചുവരെഴുത്തുകളെ വികൃതമാക്കി. ഇതിനു മുകളിലെല്ലാം പ്രത്യേക ഗ്യാങ്ങിന്റെ പേരുകളും എഴുതിവെച്ചിട്ടുണ്ട‌്. സമീപ പ്രദേശങ്ങളിലുള്ള എസ‌്ഡിപിഐക്കാരാണ‌് അക്രമത്തിന‌് എത്തിയതെന്ന‌് കരുതുന്നു.
കോളേജിൽ എസ‌്എഫ‌്ഐക്കെതിരെ എല്ലാ സംഘടനകളും ചേർന്ന‌് ‘ലൂസേഴ‌്സ‌് ക്ലബ‌്’ എന്ന സംഘവും അനൗദ്യോഗികമായി രൂപീകരിച്ചിട്ടുണ്ട‌്. ഇതിൽ എംഎസ‌്എഫ‌്, എസ്ഐഒ, കെഎസ‌്‌യു, എബിവിപി എന്നീ സംഘടനയിലുള്ളവരുണ്ട‌്. കോളേജിൽ നടന്ന ആക്രമണത്തിനെതിരെയും യൂണിയൻ ഓഫീസ‌് തകർത്തതിനെതിരെയും കോളേജ‌് തല അന്വേഷണം നടത്തുമെന്ന‌് പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന എടക്കോട്ട‌് ഷാജി പറഞ്ഞു.









0 comments