അഭിമന്യു കുടുംബ സഹായ ഫണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ നല്‍കി മുന്‍ എസ്എഫ് ഐ പ്രവര്‍ത്തകന്‍: ആഷിക് അബു ഒരു ലക്ഷം നല്‍കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 07, 2018, 11:08 AM | 0 min read

കൊച്ചി> കാമ്പസ് ഫ്രണ്ട് അക്രമികള്‍ കുത്തിക്കൊന്ന എസ്എഫ് ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐ എം സമാഹരിയ്ക്കുന്ന ഫണ്ടിന് മികച്ച പ്രതികരണം. മൂവാറ്റുപുഴ നിർമ്മല കോളേജിലെ മുന്‍ എസ്എഫ്ഐ പ്രവർത്തകന്‍ നല്‍കിയത് അഞ്ചുലക്ഷം രൂപയാണ്. സംവിധായകന്‍ ആഷിക് അബുവും ഭാര്യ റീമ കല്ലിങ്കലും ചേര്‍ന്ന്‍ ഒരു ലക്ഷം രൂപയും വാഗ്ദാനം ചെയ്തു.

ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ പി രാജീവ് ഫേസ് ബുക്ക് പോസ്റ്റില്‍ ഇക്കാര്യം അറിയിച്ചു.

"ഒരു മുൻ എസ് എഫ് ഐ ക്കാരൻ നല്ലൊരു സംഖ്യ നൽകാമെന്ന് പറഞ്ഞതായി കഴിഞ്ഞ ദിവസം ഞാൻ പോസ്റ്റ് ചെയ്തിരുന്നു. ഇന്നു രാവിലെ അദ്ദേഹത്തിന്റെ മെസ്സേജ് വന്നു.

Your NEFT Txn. with Ref. No. xxxxxxx for Rs. 500000 has been credited to Beneficiary : Secretary CPIM Ernak on July 07,2018 at 08:13:03 Hrs..''രാജീവ് പോസ്റ്റില്‍ പറഞ്ഞു.

"പേരു പരസ്യപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇദ്ദേഹം പഴയ കാല പാർടി സഖാവിന്റെ മകനാണ്. മനസ്സിൽ ഇപ്പോഴും ഒരു എസ് എഫ് ഐ ക്കാരനുണ്ട്. അല്ലെങ്കിലും എസ്എഫ്ഐ അങ്ങനെയാണ്. ലോകത്തിന്റെ ഏതു കോണിൽ നിൽക്കുമ്പോഴും എവിടെ നിന്നറിയാതെ ഒരു മുൻകാല എസ്എഫ് ഐ പ്രവർത്തകൻ മുമ്പിൽ വന്നു വീഴും. പിന്നെ നമ്മളെ അറിയാതെ ആ കാലത്തേക്ക് കൂട്ടികൊണ്ടു പോകും. അവരെല്ലാമറിയാതെ തന്നെ ഇന്നിന്റെ എസ് എഫ് ഐ ക്കാരുമായി സൗഹൃദത്തിലാണ്.

ഫണ്ട് നൽകുന്ന കാര്യത്തോടൊപ്പം അദ്ദേഹം വർഗ്ഗീയ ഭീകര സംഘടന പ്രവർത്തനം ശക്തിപ്പെടുന്നതിന്റെ ഉത്കണ്ഠയും പങ്കുവെച്ചു.
കൈകോർക്കാം വർഗ്ഗീയതക്കെതിരായി ....''

സിപിഐ എം നേതൃത്വത്തിൽ ഫണ്ട് ശേഖരിക്കുന്ന വിവരം വിദേശത്തു വെച്ച് ഫേസ് ബുക്കിലൂടെ അറിഞ്ഞ് അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് മഹാരാജാസിന്റെ എസ് എഫ് ഐ നേതാവായിരുന്ന ആഷിക് അബുവും റീമ കല്ലിങ്കലും ചേർന്ന് ഒരു ലക്ഷം രൂപ നൽകുമെന്ന്‍ രാജീവിനെ അറിയിക്കുകയായിരുന്നു. മതഭീകരതക്കെതിരെ താനും കണ്ണി ചേരുകയാണെന്നും ആഷിക് അറിയിച്ചതായി രാജീവ് പറഞ്ഞു.

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി പത്മനാഭന്‍ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നു.

ബാങ്ക്‌ അക്കൗണ്ട്‌ നമ്പറായ 12380200021782 IFSC Code FDRL 0001238 Federal Bank, Ernakulam M.G.Road Branch-ലേക്ക്‌ ഫണ്ട് അയക്കാം. സെക്രട്ടറി സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് അക്കൗണ്ട് .

 



deshabhimani section

Related News

View More
0 comments
Sort by

Home