പോപ്പുലർ ഫ്രണ്ട്‌ : മുൻ ഡിജിപിയുടെ റിപ്പോർട്ടിൽ അന്വേഷണം നടന്നില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 06, 2018, 07:25 PM | 0 min read


കണ്ണൂർ
പോപ്പുലർ ഫ്രണ്ടിന് ഭീകരസംഘടനയായ ഇന്ത്യൻ മുജാഹിദീനുമായി സാമ്പത്തികബന്ധം ഉൾപ്പെടെയുണ്ടെന്ന മുൻ ഡിജിപിയുടെ റിപ്പോർട്ടിൽ യുഡിഎഫ് ഭരണകാലത്ത് അന്വേഷണമുണ്ടായില്ല. നാറാത്ത് ആയുധപരിശീലന കേന്ദ്രത്തിൽ റെയ്ഡ് നടത്തിയപ്പോഴാണ് അന്നത്തെ ഡിജിപി പി എൻ സുബ്രഹ്മണ്യം കേന്ദ്രആഭ്യന്തര വകുപ്പിന്  സാമ്പത്തിക ഇടപാട് സംബന്ധിച്ച് റിപ്പോർട്ട് അയച്ചത്. നാറാത്ത് കേസിൽ പ്രാഥമികാന്വേഷണത്തിനുശേഷം ദേശീയ അന്വേഷണ ഏജൻസി പിൻവാങ്ങുകയായിരുന്നു. ഇത് യുഡിഎഫ് സർക്കാരിന്റെ സമ്മർദത്തെ തുടർന്നാണെന്ന് ആക്ഷേപമുയർന്നിരുന്നു. ഡിജിപി നൽകിയ ഗൗരവസ്വഭാവമുള്ള റിപ്പോർട്ട് സംബന്ധിച്ച തുടരന്വേഷണവും ഇതോടെ പാതിവഴിയിലായി.

വിദേശത്തുനിന്ന് പ്രതികൾക്ക് വൻതുകയുടെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വിദേശ ബാങ്കുകളുടെ പേരും അക്കൗണ്ട് നമ്പറും ഇതിൽ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.  വിദേശ ബാങ്കുകളുമായി ഒന്നിലേറെപ്പേരുടെ  സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും ഇത് അടിയന്തരമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എൻഐഎയുടെ ഹൈദരാബാദ് ഡിവിഷനിലെ ഡിഐജി ഡോ. രവിയും പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ബന്ധങ്ങൾ അന്വേഷിച്ചിരുന്നു. വിദേശത്തെ കമേഴ്സ്യൽ ബാങ്ക് വഴിയാണ് പണം വന്നിരുന്നത്. നാറാത്തുനിന്ന‌് പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ട കമറുദ്ദീന്റെ വീട്ടിൽനിന്ന് സനാവുള്ള സാബിദ്രി എന്നയാളുടെ അക്കൗണ്ട് നമ്പർ ലഭിച്ചിരുന്നു. സാബിദ്രി എന്നത് ഇന്ത്യൻ മുജാഹിദീൻ നേതാവായ റിയാസ് ഭട്കലിന്റെ കുടുംബപ്പേരാണ്. ദുബായിലെ എമിറേറ്റ് ബാങ്ക് ഇന്റർനാഷണൽ മുഖേന കമറുദ്ദീന്റെ പേരിലെ മൂന്ന് അക്കൗണ്ടുകളിലേക്ക് വൻതുക അയച്ചിരുന്നതായും അന്ന് കണ്ടെത്തിയിരുന്നു. ഷാ അലിബിൻ സുദ് അല്ലാമി, എം നയീം എന്നിവരാണ് ഇടപാടുകൾ നടത്തിയത്. നയീം ഖത്തർ പൗരത്വമുള്ളയാളാണ്.

കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ ആയുധക്യാമ്പ് വർഷങ്ങളായി നടക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം ക്യാമ്പുകളിൽ പങ്കെടുത്തവരാണ് കശ്മീരിൽ ഇന്ത്യൻ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. കണ്ണൂരിൽ നടന്ന മൂന്ന് വർഗീയസ്വാഭാവമുള്ള കൊലപാതകങ്ങളിലും ഇത്തരം ക്യാമ്പിൽനിന്ന് പഠിച്ചിറങ്ങിയവർ പങ്കെടുത്തു. വളപട്ടണം, മയ്യിൽ, എടക്കാട്, ഇരിട്ടി, കണ്ണൂർ സിറ്റി, മാലൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ മതസ്പർധയും ദേശീയത തകർക്കാനുമുള്ള ശ്രമങ്ങൾ സംബന്ധിച്ച കേസുകളുണ്ട്.  തീവ്രവാദക്കേസുകളിലെ ചില പ്രതികളുമായി നാറാത്ത് കേസിലെ പ്രതികൾക്ക് ടെലിഫോൺ ബന്ധമുണ്ടായിരുന്നെന്നും കണ്ടെത്തിയിരുന്നു.

പ്രതികൾക്ക് വിദേശരാജ്യങ്ങളുമായി ബന്ധമുള്ളതിനാൽ കേസന്വേഷണത്തിൽ ലോക്കൽ പൊലീസിന‌് പരിമിതിയുണ്ടായിരുന്നു. അതിനാൽ, കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് ഡിജിപി ശുപാർശചെയ്തത്. ഐബിയും ഇതേ രീതിയിൽ ശുപാർശചെയ്തിരുന്നു. കേസിൽ കൃത്യമായ തുടരന്വേഷണം ഇല്ലാതായപ്പോൾ ആയുധ പരിശീലനവും മതസ്പർധയും വളർത്തുന്ന പ്രവർത്തനങ്ങളുമായി പോപ്പുലർ ഫ്രണ്ട് വീണ്ടും സജീവമായി.

 



deshabhimani section

Related News

View More
0 comments
Sort by

Home