അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു സമഗ്രസംഭാവന പുരസ‌്കാരം എം മുകുന്ദന‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 05, 2018, 09:26 PM | 0 min read



തിരുവനന്തപുരം
ഇൗ വർഷത്തെ അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളസാഹിത്യ മേഖയിലെ സമഗ്രസംഭാവനയ‌്ക്കുള്ള ശക്തി‐ടി കെ രാമകൃഷ‌്ണൻ പുരസ‌്കാരം എം മുകുന്ദന‌്  സമ്മാനിക്കും. സാഹിത്യത്തെ മലയാളിയുടെ മനസ്സിലും മണ്ണിലും ഉറപ്പിച്ചുനിർത്തിയതിനാണ‌് അംഗീകാരമെന്ന‌് അവാർഡ‌് കമ്മിറ്റി ചെയർമാൻ പി കരുണാകരൻ എംപിയും കമ്മിറ്റി അംഗം പ്രഭാവർമയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പി കൃഷ‌്ണനുണ്ണിയുടെ ‘കേരളം ഒരു ഡോക്യുമെന്ററി’ക്കാണ് നോവല്‍ പുരസ്കാരം. അഹമ്മദ‌്ഖാന്റെ മതേതര ഇതിഹാസം, വിനോദ‌് വൈശാഖിയുടെ കൈതമേൽ പച്ച എന്നിവ കവിതാപുരസ‌്കാരം പങ്കിട്ടു. സുഭാഷ‌് ചന്ദ്രന്റെ ഒന്നരമണിക്കൂറിനാണ‌് നാടകപുരസ‌്കാരം. ജി ആർ ഇന്ദുഗോപന്റെ കൊല്ലപ്പാട്ടി ദയ  ചെറുകഥാ പുരസ‌്കാരം നേടി. ഡോ. കെ എൻ ഗണേഷ‌് (മലയാളിയുടെ ദേശകാലങ്ങൾ), ഡോ. വി പി പി മുസ‌്തഫ (കലയും പ്രത്യയശാസ‌്ത്രവും) എന്നിവർ വിജ്ഞ‌ാന സാഹിത്യ പുരസ‌്കാരം പങ്കിട്ടു. കെ രാജേന്ദ്രന്റെ ആർസിസിയിലെ അത്ഭുതക്കുട്ടികൾ  ബാലസാഹിത്യ പുരസ‌്കാരം നേടി.

സാഹിത്യനിരൂപണത്തിനുള്ള ശക്തി‐തായാട്ട‌് ശങ്കരൻ അവാർഡിന‌് ഡോ. പി സോമൻ അർഹനായി. ഗ്രന്ഥം വൈലോപ്പിള്ളി കവിത. ഇതരസാഹിത്യ മേഖലയിൽ ശക്തി‐ എരുമേലി പരമേശ്വരൻപിള്ള പുരസ‌്കാരത്തിന‌് ഡോ. ജോർജ‌് വർഗീസിന്റെ ആൽബർട്ട‌് ഐൻസ‌്റ്റീൻ ജീവിതം ശാസ‌്ത്രം ദർശനം എന്ന ഗ്രന്ഥം അർഹമായി. സാഹിത്യ വിഭാഗങ്ങളിൽപ്പെട്ട കൃതികൾക്ക‌് ഓരോന്നിനും 15,000 രൂപയും ബാലസാഹിത്യത്തിന‌് 10,000 രൂപയുമാണ‌് അവാർഡുതുക. പ്രശസ‌്തിപത്രവും സമ്മാനിക്കും. എം വി ഗോവിന്ദൻ, എം കെ മൂസ, സുരേഷ‌് പാടൂർ എന്നിവരും അവാർഡ‌് കമ്മിറ്റി അംഗങ്ങളായിരുന്നു.
അബുദാബിയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തിയറ്റേഴ‌്സാണ‌്  പുരസ്കാരം നല്‍കുന്നത്. ദേശാഭിമാനി വാരിക പത്രാധിപരായിരുന്ന തായാട്ട‌് ശങ്കരന്റെ ഭാര്യ പ്രൊഫ. ഹൈമവതി തായാട്ടും ശക്തി തിയറ്റേഴ‌്സും ഏർപ്പെടുത്തിയതാണ‌് തായാട്ട‌് അവാർഡ‌്. 

ആഗസ‌്ത‌് രണ്ടാംവാരം എറണാകുളത്ത‌് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home