മഹാരാജാസ് തുറന്നു.. അവനില്ലാതെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 04, 2018, 04:13 PM | 0 min read

കൊച്ചി > രണ്ടു ദിവസത്തിന് ശേഷം ബുധനാഴ്ച മഹാരാജാസ് കോളേജ് തുറന്നു. പക്ഷേ, അഭിമന്യൂവിന്റെ ഓര്‍മ്മകളുമായി വിതുമ്പി നിന്ന ക്യാമ്പസിലേക്ക് അവന്റെ സഹപാഠികളാരും എത്തിയില്ല. അഭിമന്യൂവില്ലാത്ത രണ്ടാം വര്‍ഷ ബിഎസസി കെമിസ്‌ട്രി ക്ലാസ്സ് റൂം ശൂന്യമായിരുന്നു.

സഖാവ് വട്ടവടയില്ലാത്ത; അവരുടെ പ്രിയപ്പെട്ട അഭിയില്ലാത്ത; അവന്റെ നിഷകളങ്കമായ പുഞ്ചിരിയും പാട്ടും കവിതയുമില്ലാത്ത ക്ലാസ്സ്മുറിയിലേക്ക് വരാന്‍ വേദന അവരെയാരും അനുവദിച്ചില്ല. പക്ഷേ, അഭിമന്യൂവിന് സബ്‌മിറ്റ് ചെയ്യാന്‍ കഴിയാതിരുന്ന ഫിസിക്‌സ് റെക്കോര്‍ഡും കെമിസ്‌ട്രിയുടെ രണ്ടു നോട്ട്ബുക്കും ക്ലാസ്സ് റൂമിന്റെ ഷെല്‍ഫില്‍ അവരെ കാത്തിരിപ്പുണ്ടായിരുന്നു.

ആവേശഭരിതമായ ശബ്‌ദങ്ങളുയര്‍ന്ന് കേട്ട മഹാരാജാസ് തിങ്കളാഴച മൂകമായിരുന്നു. വിദ്യാര്‍ഥികള്‍ പരസ്‌പരം സംസാരിക്കാനും പുഞ്ചിരിക്കാനും  മടി കാണിച്ചു. പെണ്‍കുട്ടകളില്‍ ഭൂരിഭാഗവും മുഖം കുനിച്ച് ഡെസ്‌‌‌കില്‍ കിടന്നു. വാതോരാതെ സംസാരിച്ചിരുന്ന സൗഹൃദകൂട്ടങ്ങളെല്ലാം വാക്കുകളില്ലാതെ നിശബ്‌ദമായി. വിദ്യാര്‍ഥികള്‍ മാത്രമല്ല, അധ്യാപകരും അഭിമന്യൂവിന്റെ ഓര്‍മ്മയില്‍ വിതുമ്പി. അഭിമന്യൂ ഉയര്‍ത്തിയ മുദ്രവാക്യങ്ങളും പൊട്ടിചിരിയും പാട്ടും കവിതയും നിഷ്‌കളങ്കമായ സംസാരവുമെല്ലാം ഏവരുടെയും ഓര്‍മ്മകളില്‍ നിറഞ്ഞുനിന്നു. അഭിമന്യൂവിനോട് നേരിട്ട് ഇടപെടത്താവര്‍ പോലും കണ്ണീര്‍വാര്‍ത്തു.

സമൂഹമാധ്യമങ്ങളിലൂടെ മഹാരാജാസുകാര്‍ക്ക് അഭിമന്യൂവിന് എന്തുചെയ്യാനാവുമെന്ന് അവര്‍ ആലോചന നടത്തി. അഭിമന്യൂവിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ക്യാമ്പെയിനുകള്‍ക്കും സമൂഹമാധ്യമങ്ങളില്‍ തുടക്കമായി. വട്ടവട എന്ന ഗ്രാമത്തിനും അവന്റെ കുടുംബത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നുള്ള വാഗ്ദാനങ്ങള്‍ സുഹൃത്തുക്കളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു.



 



deshabhimani section

Related News

View More
0 comments
Sort by

Home