അഭിമന്യു കൊലപാതകം: കൊലയാളിസംഘത്തിലെ രണ്ട് വിദ്യാർഥികളെ സസ‌്‌പെൻഡ‌് ചെയ്യും

കൊച്ചി > എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ‌് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ പ്രതികളായ രണ്ടു വിദ്യാർഥികളെ സസ്‌പെൻഡ‌് ചെയ്യാൻ കോളേജ‌് കൗൺസിൽ തീരുമാനിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർഥി ജെ ഐ മുഹമ്മദ്, ഈ അധ്യയനവർഷം പ്രവേശനം നേടിയ ഫാറൂഖ് അമാനി എന്നിവർക്കെതിരെയാണ‌് നടപടി. ഫാറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഭിമന്യുവിന്റെ കുടുംബത്തിന‌് സാമ്പത്തികസഹായം നല്‍കാനും ചൊവ്വാഴ‌്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് സമാഹരിക്കുന്ന തുക ജൂലൈ 10നുമുമ്പ‌് ബന്ധുക്കള്‍ക്ക് നല്‍കും. പരിക്കേറ്റ‌് ചികിത്സയിൽക്കഴിയുന്ന അർജുന്റെ ചികിത്സാചെലവും വഹിക്കും.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഹിന്ദി വകുപ്പ് മേധാവി ഡോ. ഇന്ദു വത്സയുടെ നേതൃത്വത്തിൽ മൂന്നംഗ കമീഷനെയും കൗൺസിൽ നിയോഗിച്ചു. കോളേജിലെ റഗുലർ ക്ലാസ‌് ബുധനാഴ‌്ചയും ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസ‌് തിങ്കളാഴ്ച്ചയും ആരംഭിക്കും. അഭിമന്യുവിന്റെ വേർപാടിൽ അനുശോചിച്ച‌് ബുധനാഴ‌്ച യോഗം ചേരും. ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി കുട്ടികള്‍ക്ക‌് ബോധവൽകരണ പരിപാടി സംഘടിപ്പിക്കും. പ്രൊഫ. എം കെ സാനു മുഖ്യപ്രഭാഷണം നടത്തുമെന്നും പ്രിൻസിപ്പൽ ഡോ. കെ എൻ കൃഷ‌്ണകുമാർ അറിയിച്ചു.









0 comments