74 ആദിവാസി യുവതീ യുവാക്കള്‍ പൊലീസ് സേനയില്‍, നിയമന ഉത്തരവ് കൈമാറി; സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റുകള്‍ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം > നാട് കാക്കാനുള്ള ചരിത്ര നിയോഗത്തിലേക്ക് കാടിന്റെ മക്കള്‍. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി കേരള പൊലീസിലേക്ക് തെരഞ്ഞെടുത്ത 74 ആദിവാസി യുവതീ യുവാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമന ഉത്തരവ് കൈമാറി. ഭക്ഷ്യധാന്യങ്ങള്‍ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ഒരുകൂട്ടംപേര്‍ ക്രൂരമായി കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചന്ദ്രികയും നിയമന ഉത്തരവ് സ്വീകരിച്ചവരുടെ കൂട്ടത്തിലുണ്ട്.
രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്രയും ആദിവാസികളെ പൊലീസ് സേനയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. പൊലീസില്‍ പട്ടിക വര്‍ഗങ്ങളുടെ പ്രതിനിധ്യം ഏറെ കുറവാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രത്യേക റിക്രൂട്ട്മെന്റ് നടത്തിയത്. വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം വര്‍ധിക്കുന്നത് തടയുന്നതും സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് സഹായകുമാകും.
പൊതുസമീപനങ്ങള്‍ മാത്രം കൊണ്ട് ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനം സാധ്യമാക്കാനാവുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കം തള്ളപ്പെട്ടുപോയ വിഭാഗങ്ങങ്ങളാണ് അവര്‍. അവരെ അങ്ങോട്ടുചെന്ന് കൈപിടിച്ച് സര്‍ക്കാര്‍ ഒപ്പം കൂട്ടുകയാണെന്നും ഇത്തരം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റുകള്‍ ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
22 യുവതികളും 52 യുവാക്കളുമാണ് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഇതില്‍ ബിരുദാനന്തര ബിരുദമുള്ള രണ്ട് പേരും ബിരുദമുള്ള ഏഴ് പേരും ബിഎഡ്‌കാരായ മൂന്നു പേരും ഉള്‍പ്പെടുന്നുണ്ട്.
സ്‌പെഷ്യല്‍ റൂള്‍ അടക്കം ഭേഗഗതി ചെയത് നിയമന നടപടി അതിവേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. പലരേയും നേരില്‍ കണ്ട് അപേക്ഷ പൂരിപ്പിക്കലിനടക്കം പിഎസ്സി ഉദ്യോഗിസ്ഥര്‍ സഹായം നല്‍കി. ആദിവാസികള്‍ക്കിടയിലെ ഏറ്റവും പിന്നോക്ക വിഭാഗമായ അടിയാളര്‍, കാട്ടുനായ്ക്കര്‍ അടക്കമുള്ളര്‍ക്കാണ് ജോലി ലഭിച്ചത്.
പിഎസ്‌സി നിയമനത്തിന്റെ ഭാഗമായ ബോണ്ട്, സെക്യൂരിറ്റി എന്നീ വ്യവസ്ഥകളില്‍ ഇവര്‍ക്ക് ഇളവ് നല്‍കിയിരുന്നു. പൊലീസ് അക്കാദമിലെ ഒമ്പത് മാസ പരിശീലനത്തിന് ശേഷം ഇവര്‍ യൂണിഫോമണിഞ്ഞ് പൊലീസിന്റെ ഭാഗമാകും.
ഈ സര്‍ക്കാര്‍ വന്നതിനു ശേഷം എക്‌സൈസ് വകുപ്പില്‍ 25പേരെയും വനംവകുപ്പില്‍ 50 പേരെയും ഇത്തരത്തില്‍ സ്പെഷ്യല്‍ റിക്രടൂട്ട്മെന്റ് വഴി നിയമിച്ചിരുന്നു. അവരുടെ നിയമന ഉത്തരവ് നേരത്തെ നല്‍കിയതാണ്.









0 comments