ഞാന്‍ അവര്‍ക്കൊപ്പം, രാജിവെച്ച നടിമാരുടെ ധീരതയെ ബഹുമാനിക്കുന്നു: സമയമാകുമ്പോള്‍ തന്റെ തീരുമാനം പറയും: പൃഥ്വിരാജ്

കൊച്ചി > താരസംഘടനയായ 'അമ്മ'യില്‍നിന്നു രാജിവെച്ച നടിമാരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി നടന്‍ പൃഥ്വിരാജ്. അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും അവര്‍ക്കൊപ്പമാണു താനെന്നും പൃഥ്വിരാജ് പറഞ്ഞു. 'ദി വിക്കി'ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
രാജിവെച്ചവരുടെ തീരുമാനത്തെ എതിര്‍ക്കുന്നവരുണ്ടാകാം. എന്നാല്‍ തെറ്റും ശരിയും എന്നത് അവരവരുടെ കാഴ്‌ചപ്പാട് മാത്രമാണ്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിശബ്ദത പാലിക്കുന്നയാളല്ല താന്‍. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ കൃത്യമായ സമയത്ത് അഭിപ്രായം പറയും.
ഷൂട്ടിംഗ് തിരക്കുകള്‍ കാരണം കഴിഞ്ഞ 'അമ്മ' മീറ്റിംഗില്‍ താന്‍ പങ്കെടുത്തില്ല. തന്റെ സമ്മര്‍ദ്ദം മൂലമല്ല ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത്. അത് 'അമ്മ'യുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചത് പ്രകാരമാണ്.
മലയാള സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സംഘടയാണ് 'അമ്മ' എന്നാണ് കരുതുന്നത്. ഒരുപാട് നടന്മാരെയും നടിമാരെയും അമ്മ സഹായിച്ചിട്ടുണ്ട്. താന്‍ അമ്മയിലെ അംഗമാണെങ്കിലും ഇതുവരെ സജീവമായിരുന്നില്ല. എങ്കിലും അമ്മ എടുക്കുന്ന തീരുമാനങ്ങളില്‍ തന്റെ മേലും പഴിചാരാം.
ദിലീപിനൊപ്പം അഭിനയിക്കാന്‍ ഇതുവരെ എന്നെയാരും ക്ഷണിച്ചിട്ടില്ല, ഇനി അങ്ങനെയൊരു അവസരം ഉണ്ടായാല്‍ ആലോചിച്ച് തീരുമാനിക്കും. തന്റെ സുഹൃത്ത് ആക്രമിക്കപ്പെട്ട സംഭവത്തിന്റെ വേദനയില്‍ നിന്നും ഇതുവരെ മുക്തനായിട്ടില്ലെന്നും സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കാകെ വേണ്ടി പൊരുതാനുറച്ച അവരുടെ ധൈര്യത്തെ ബഹുമാനിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.









0 comments