ആർഎസ‌്എസിന്റേത‌് ഇല്ലാക്കഥ: എം എ ബേബി

തിരുവനന്തപുരം
ആർഎസ‌്എസ‌് അടിയന്തരാവസ്ഥയ‌്ക്കെതിരെ പോരാടിയെന്നത‌് ഇല്ലാക്കഥയെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി. ഇക്കാര്യങ്ങളൊക്കെ രാജ്യത്തെ പുരോഗമനവാദികൾക്കെല്ലാം അറിയാമെന്നും അദ്ദേഹം ഫേസ‌്ബുക്ക‌് പോസ‌്റ്റിൽ പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിലെ ആർഎസ്എസിന്റെ പങ്കുപോലെ ഇല്ലാക്കഥയാണ് അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള അവരുടെ ചെറുത്തുനില്പും. അദ്വാനിയും വാജ്പേയിയും അറസ്റ്റ് ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥ കഴിഞ്ഞുണ്ടായ ജനതാ പാർടിയിൽ ആർഎസ്എസിന്റെ ജനസംഘവും ലയിച്ചു. അതിനിടയ്ക്ക് അവർ എന്തു ചെയ‌്തെന്ന‌് ആരും മിണ്ടാറില്ല. കേരളത്തിലെ സിപിഐ എം പ്രവർത്തകരെയും പ്രതിപക്ഷത്തെയാകെയും അറസ്റ്റ് ചെയ്തു. പലരും അടിയന്തരാവസ്ഥ കഴിയുംവരെ ജയിലിലായിരുന്നു. അല്ലാത്തവർ ഒളിവിൽ പ്രവർത്തിച്ചു. ഇ എം എസിന്റെയും എ കെ ജിയുടെയും നേതൃത്വത്തിൽ ശക്തമായ രാഷ്ട്രീയനീക്കമാണ് സിപിഐ എം അടിയന്തരാവസ്ഥയ്ക്കെതിരെ നടത്തിയത്. ഇന്ത്യയിൽ എത്ര ആർഎസ്എസുകാർ ജയിലിൽ കിടന്നു?
ആർഎസ്എസ് എന്നും വഞ്ചനമാത്രമേ നടത്തിയിട്ടുള്ളൂ. അത് സ്വാതന്ത്ര്യസമരമായാലും അടിയന്തരാവസ്ഥയ്ക്കെതിരായ സമരമായാലും. ആർഎസ‌്എസ‌് നേതൃത്വം നൽകുന്ന ഭരണം ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ‌്. ഇന്ത്യയിൽ അടിയന്തരാവസ്ഥ നടപ്പാക്കിയതിന്റെ വാർഷികത്തിൽ അമിതാധികാര പ്രവണതയുള്ള മറ്റൊരു സർക്കാരാണ‌് നമ്മെ ഭരിക്കുന്നത‌്. ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥ സ്വേച്ഛാധിപത്യത്തിന്റേതായിരുന്നു. തീവ്ര മുതലാളിത്തത്തിന്റെ സർക്കാരാണ് നരേന്ദ്ര മോഡിയുടേത് ‐ ബേബി ഫെയ‌്സ‌്ബുക്ക‌് പോസ്റ്റിൽ പറഞ്ഞു.
Related News

0 comments