നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി ബില്‍ പാസായി; ഭൂമി തരിശിട്ടാല്‍ തദ്ദേശസ്ഥാപനം കൃഷിയിറക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 25, 2018, 05:02 PM | 0 min read

തിരുവനന്തപുരം > നെല്‍വയല്‍ സംരക്ഷണവും തരിശുഭൂമി കൃഷിയോഗ്യമാക്കലും കേരളത്തിന്റെ പൊതു വികസനവും യാഥാര്‍ഥ്യമാക്കുന്ന കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. തരിശുഭൂമിയില്‍ കൃഷിയിറക്കുന്നതിന് ഉടമയ്ക്ക് നോട്ടീസ് നല്‍കും. 15 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ തദ്ദേശസ്ഥാപനങ്ങളോ പാടശേഖര സമിതികളോ അവിടെ കൃഷിയിറക്കും.

തരിശുഭൂമി ഭൂഉടമയുടെ സമ്മതത്തോടെ ഏറ്റെടുത്ത് കൃഷി ചെയ്യുന്നതിനൊപ്പം കൃഷിയെ സഹായിക്കുന്നതിന് കാര്‍ഷിക അഭിവൃദ്ധി ഫണ്ടും രൂപീകരിക്കും. 2008നുമുമ്പ് നികത്തിയ അഞ്ച്, പത്ത് സെന്റ്് ഭൂമിയില്‍  അവ ബോധ്യപ്പെടുത്തിയാല്‍, വീടുവയ്ക്കുന്നതിന്്  തടസ്സമുണ്ടാകില്ല. പത്ത് സെന്റിനുമുകളിലുള്ള ഭൂമി ഒരിക്കലും നെല്‍കൃഷി ചെയ്യാനാകാത്തതാണെങ്കില്‍ ഫീസ് ഈടാക്കി ഉപയോഗപ്പെടുത്താന്‍ അനുമതി നല്‍കും. ഈ പണം കാര്‍ഷിക അഭിവൃദ്ധി ഫണ്ടിന്് ഉപയോഗിക്കും.

മന്ത്രി ഇ ചന്ദ്രശേഖരനാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്്. 2008ല്‍ എല്‍ഡിഎഫ്  സര്‍ക്കാരാണ്് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ കൊണ്ടുവന്നത്്.  ഈ  നിയമത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല.  2008നു മുമ്പ് നികത്തിയ നിലങ്ങള്‍ നിശ്ചിത ഫീസ് ഈടാക്കി ക്രമവല്‍ക്കരിച്ചുനല്‍കും.  നിലംനികത്തിയ ആറ്‌സെന്റില്‍ വീടുവയ്ക്കാനും നാലുസെന്റില്‍ കച്ചവടങ്ങള്‍ തുടങ്ങാനും തടസ്സമുണ്ടാകില്ല. എന്നാല്‍, 50 സെന്റിനു മുകളില്‍ നികത്തപ്പെട്ട ഭൂമിക്ക് ഫീസ് അടച്ചാല്‍ അത് ക്രമവല്‍ക്കരിച്ചു നല്‍കും.  

ഈ ബില്ലിലെ രണ്ട്, അഞ്ച്, പത്ത്, 16, 27 വകുപ്പുകളിലാണ് ഭേദഗതി. നെല്‍വയലുകളുടെ സംരക്ഷണവും തരിശുഭൂമിയെ കൃഷിയോഗ്യമാക്കലും സര്‍ക്കാര്‍ നടപ്പാക്കുന്നതും പൊതു ആവശ്യത്തിനുള്ളതുമായ പദ്ധതികള്‍ക്ക് ഭൂമി ലഭിക്കുന്നതിനും ആവശ്യമായവയാണ് ഭേദഗതിയില്‍. 2008നുമുമ്പ്്  വീട് വയ്ക്കാന്‍ അഞ്ച്, പത്ത് സെന്റ് ഭൂമി നികത്തിയത് ക്രമപ്പെടുത്തുന്നത് പാവപ്പെട്ടവര്‍ക്ക്  ഏറെ സഹായകമാകും.

1967ല്‍ കേരള ഭൂവിനിയോഗ നിയമം വരുന്നതിനുമുമ്പ്  നികത്തിയ ഭൂമിക്ക് ഫീസ്  വേണ്ട.     എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയപ്രകാരമാണ്  ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നെല്‍കൃഷി വ്യാപിപ്പിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന് ശക്തിപകരുന്നതാണ്  ഭേദഗതികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍, ഭേദഗതി കേരളത്തിലെ താല്‍പ്പര്യത്തിന് എതിരാണെന്ന് ആരോപിച്ച്  പ്രതിപക്ഷം ഇറങ്ങിപ്പോയി. ചില പ്രതിപക്ഷ അംഗങ്ങള്‍ ബില്‍ കീറിയെറിഞ്ഞ് പ്രകോപനം സൃഷ്ടിക്കാനും ശ്രമിച്ചു.



 



deshabhimani section

Related News

View More
0 comments
Sort by

Home