തോട്ടം മേഖലക്കായി സമഗ്ര പദ്ധതി; പ്ലാന്റേഷൻ ടാക്‌സ്‌ ഒഴിവാക്കും, തൊഴിലാളികൾക്ക്‌ ലയങ്ങൾക്ക്‌ പകരം ലൈഫ്‌ വീട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 21, 2018, 06:07 AM | 0 min read

തിരുവനന്തപുരം> തോട്ടം മേഖലക്കായി സമഗ്രപദ്ധതിയാണ്‌ സർക്കാർ തയ്യാറാക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. തോട്ടം മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച ജസ്‌റ്റീസ്‌ കൃഷ്‌ണൻ നായർ കമ്മീഷന്റെ ശുപാർശപ്രകാരമുള്ള കാര്യങ്ങൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതനുസരിച്ച്‌  പ്ലാന്റേഷൻ ടാക്‌സ്‌ പുർണമായും ഒഴിവാക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളത്തിൽ മാത്രമാണ്‌ നിലവിൽ ഈ ടാക്‌സ്‌ ഉണ്ടായിരുന്നത്‌. കൂടാതെ തോട്ടം മേഖലയില്‍നിന്നും കാര്‍ഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കാനും തീരുമാനിച്ചു.

എസ്‌റ്റേറ്റ്‌ തൊഴിലാളിളെുടെ ലയങ്ങൾ ജീർണാവസ്‌ഥയിലാണ്‌. ഇവ നവീകരിക്കുക സാധ്യമല്ലാത്തതിനാൽ സർക്കാരിന്റെ ലൈഫ്‌ പദ്ധതിയിൽപെടുത്തി വീട്‌ നിർമ്മിച്ചു നൽകും. ഇതിന്റെ  ചിലവിൽ 50ശതമാനം സർക്കാരും 50 ശതമാനം തോട്ടം ഉടമകളും വഹിക്കണം. തോട്ടം ഉടമകളുടെ വിഹിതം 7 വർഷത്തിനുള്ളിൽ ഗഡുക്കളായി  അടച്ചുതീർക്കാം. വീടുകൾ നിർമ്മിക്കാനുള്ള ഭൂമി തോട്ടം ഉടമകൾ സൗജന്യമായി സർക്കാരിന്‌ നൽകണം. നിലവിൽ ലയങ്ങളുടെ കെട്ടിട നികുതി ഒഴിവാക്കി. റബർ മരങ്ങൾ മുറിക്കുമ്പോൾ ഈടാക്കിയിരുന്ന സീനിയറേജ്‌ തുക ഒഴിവാക്കി. 2500 രൂപയാണ്‌ ഇത്തരത്തിൽ ഇടാക്കിയിരുന്നത്‌.

ഉപേക്ഷിക്കപ്പെട്ടതോ, പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നതോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുകയോ അല്ലെങ്കില്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് അവയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കി പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യും.

തൊഴിലാളികളുടെ വേതനം പരിഷ്‌ക്കരിക്കുന്നതിനും ഇഎസ്‌ഐ പരിധിയിൽ ഉൾപ്പെടുത്തുന്നതിനും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്തിന്റെ സാമൂഹ്യസാമ്പത്തിക മേഖലയില്‍ വലിയ സംഭാവന നല്‍കിയ തോട്ടം മേഖലയുടെ സംരക്ഷണം കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ജീവിത സംരക്ഷണത്തിനും പ്രധാനമാണെന്ന് കണ്ടുകൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ തോട്ടം മേഖല വമ്പിച്ച പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അവിടെ നിലനിന്ന പ്രതിസന്ധി കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതത്തെ പ്രതികൂലമായി ബാധിച്ചതു വഴി സാമൂഹ്യ സംഘര്‍ഷങ്ങള്‍ തന്നെ രൂപപ്പെട്ടുവന്നിരുന്നു. കടുത്ത സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ഭൂവിനിയോഗ മാറ്റങ്ങള്‍ക്കും പാരിസ്ഥിതിക പ്രതിസന്ധി രൂക്ഷമാക്കുന്നതിലേക്കും നയിക്കുന്ന സ്ഥിതിയുമുണ്ടായി. ഈ സാഹചര്യത്തില്‍ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുതകുന്ന സമഗ്രമായ ഒരു പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home