വികസനം തടസപ്പെടുത്തുന്നവരെ മാധ്യമങ്ങള്‍ തുറന്നുകാട്ടണം: മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ > വികസനം തടസപ്പെടുത്താന്‍ ചെറുതും വലുതുമായ പ്രതികൂല ഇടപെടലുകള്‍ വരുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതിരിക്കുന്നത് മാധ്യമധര്‍മ്മമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ദേശാഭിമാനിയുടെ ഒമ്പതാം എഡിഷന്‍ ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനം തടസപ്പെടുത്തുന്ന വിഭാഗങ്ങളെ തുറന്നുകാണിക്കാന്‍ ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ ശ്രമിക്കണം.
അനേകംപേര്‍ മരിച്ച ശേഷമാണ് മറ്റു പല രാജ്യങ്ങളിലും നിപാ നിയന്ത്രണവിധേയമാക്കിയതെങ്കില്‍ കേരളത്തില്‍ ഇത് വേഗം തിരിച്ചറിയാനും നിയന്ത്രിക്കാനും കഴിഞ്ഞു. ലോക ഏജന്‍സികള്‍ക്കുപോലും അത്ഭുതം തോന്നുകയും കേരളത്തെ ശ്ലാഘിക്കുകയും ചെയ്തു. ഭൂരിപക്ഷം മാധ്യമങ്ങളും ആ ഘട്ടത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നെങ്കിലും ചുരുക്കം ചിലര്‍ കുറ്റപ്പെടുത്തലിനു മുന്‍തൂക്കം നല്‍കി. ഇതിനെയൊക്കെ അതിജീവിച്ച് നിപായുടെ മേല്‍ വിജയംകണ്ടു. കുറ്റപ്പെടുത്തലിനു മുന്‍തൂക്കം നല്‍കിയത് ശരിയായിരുന്നോ എന്ന ഓഡിറ്റിങ്ങ് പത്രാധിപന്മാര്‍ നടത്തിയാല്‍ ഗുണകരമാണ്.
പത്രസ്വാതന്ത്ര്യം എന്നത് പത്രം നടത്താനുള്ള സ്വാതന്ത്ര്യമാണെന്നാണ് കേരളത്തില്‍ നിര്‍വചിക്കപ്പെട്ടിരുന്നത്. എന്നാല്‍ അത് സത്യം അറിയാനുള്ള വായനക്കാരന്റെ സ്വാതന്ത്ര്യമാണെന്ന നിര്‍വചനം പകരംവച്ചത് ദേശാഭിമാനിയാണ്. മൂടിവയ്ക്കപ്പെട്ട സത്യങ്ങളെ തുറന്നിട്ടത് ദേശാഭിമാനിയായിരുന്നു. ചില സംഭവങ്ങള്‍ ഈ പത്രമില്ലെങ്കില്‍ അറിയില്ലായിരുന്നു. നക്‌സലൈറ്റ് വര്‍ഗീസ് നിരായുധനായി കീഴടങ്ങിയ ശേഷം അദ്ദേഹത്തെ പൊലീസ് വെടിവച്ചുകൊല്ലുകയായിരുന്നെന്ന് ആദ്യം വിളിച്ചുപറഞ്ഞത് ദേശാഭിമാനിയായിരുന്നു. ആര്‍ഇസി വിദ്യാര്‍ഥിയായ രാജനെ പൊലീസ് ഉരുട്ടിക്കൊല്ലുകയായിരുന്നു എന്ന് ആദ്യം എഴുതിയതും ദേശാഭിമാനിയായിരുന്നു. അതാണ് സത്യമെന്ന് പിന്നീട് തെളിഞ്ഞു.
രാജാവിനെ നിലനിര്‍ത്തിക്കൊണ്ടുള്ള പരിമിതമായ ജനാധിപത്യമാണ് സമൂഹത്തിലുണ്ടായിരുന്നത്. രാജാവിനെ മാറ്റിയുള്ള സമ്പൂര്‍ണ്ണ മുദ്രാവാക്യം ഉയര്‍ത്തുകയും ജനാധിപത്യത്തിനു ചാലുകീറുകയും ചെയ്തത് ദേശാഭിമാനിയായിരുന്നു. അമിതാധികാരം സ്വേഛാധിപത്യ വാഴ്ചയിലേക്കു പോകുകയാണെന്ന മുന്നറിയിപ്പു നല്‍കിയതും ഈ പത്രമായിരുന്നു. ആഗോളവല്‍ക്കരണ നയത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം നഷ്ടപ്പെടുത്തുകയാണെന്നു മുന്നറിയിപ്പുനല്‍കിയതും ദേശാഭിമാനിയാണ്. വര്‍ഗീയ ശക്തികള്‍ ഫാസിസ്റ്റ് പ്രവണത ശക്തിപ്പെടുത്തുന്നതിലെ അപകടത്തെപ്പറ്റി ആദ്യം മുന്നറിയിപ്പു നല്‍കിയതും മറ്റാരുമായിരുന്നില്ലെന്നും പിണറായി പറഞ്ഞു.









0 comments