കെഎസ‌്ആർടിസി ഇലക്ട്രിക‌് ബസ‌് ഇന്ന‌് നിരത്തിൽ

തിരുവനന്തപുരം > കെഎസ‌്ആർടിസിയുടെ ആദ്യ ഇലക്ട്രിക‌് ബസ‌് തിങ്കളാഴ‌്ച തലസ്ഥാനവീഥിയിൽ. കെഎസ‌്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ നിരത്തിലിറക്കുന്ന ഇലക്ട്രിക‌് ബസ‌് തിങ്കൾ മുതലുള്ള അഞ്ചുദിവസം തിരുവനന്തപുരം ജില്ലയിലും തുടർന്നുള്ള അഞ്ചുദിവസംവീതം കൊച്ചിയിലും കോഴിക്കോട്ടും സർവീസ‌് നടത്തും.
തിങ്കളാഴ‌്ച പകൽ 11ന‌് തിരുവനന്തപുരം കെഎസ‌്ആർടിസി തമ്പാനൂർ സെൻട്രൽ ബസ‌് സ്റ്റാൻഡിൽ മന്ത്രി എ കെ ശശീന്ദ്രൻ ഫ‌്ളാഗ‌് ഓഫ‌് ചെയ്യും. മികച്ച പൊതുഗതാഗതസൗകര്യം ലക്ഷ്യമിട്ടും അന്തരീക്ഷമലിനീകരണം കുറയ‌്ക്കുന്നതിന്റെയും ഭാഗമായാണ‌് ഇലക്ട്രിക‌് ബസ‌്. വൈദ്യുതി ഉപയോഗിച്ച‌് ചാർജ‌് ചെയ്യുന്ന ബാറ്ററിയാണ‌് ഇലക്ട്രിക‌് ബസിന്റെ ഇന്ധനം. ഒരു യൂണിറ്റ് വൈദ്യുതിയിൽ ഒരു കിലോമീറ്റർ സർവീസ‌് നടത്താം. ബസ് പൂർണമായി ചാർജ‌് ചെയ്യാൻ 4 മുതൽ 5 മണിക്കൂർ വരെ വേണം. ഒരു തവണ ചാർജ‌് ചെയ്താൽ 350 കിലോ മീറ്റർ ഒാടാം. എന്നാൽ, 300 കിലോമീറ്ററാണ് റൂട്ട് നിശ്ചയിച്ചിരിക്കുന്നത്.തിരുവനന്തപുരം, കോഴിക്കാട‌്, കൊച്ചി എന്നിവിടങ്ങളിൽ ഇലക്ട്രിക‌് ബസ് ചാർജിങ‌് യൂണിറ്റുകൾ തയ്യാറാക്കും.
നിലവിലെ എസി ബസിന്റെ നിരക്കാണ് ഇലക്ട്രിക‌് ബസിനും. ഒരു കിലോ മീറ്ററിന് ഇരുപത് രൂപ. തുടർന്നുള്ള ഒരോ കിലോമീറ്ററിനും ഒന്നര രൂപവീതവും. മണിക്കൂറിൽ 120 കിലോമീറ്ററാണ് വേഗതയെങ്കിലും ഗതാഗത നിയമം അനുസരിച്ച‌് 80 കിലോമീറ്റർ വേഗതയേ കേരളത്തിലുണ്ടാകൂ. പരീക്ഷണ ഒാട്ടത്തിന‌് ഡ്രൈവർ സഹിതം ബസ‌് കമ്പനി നൽകും. വൈദ്യുതിയും കണ്ടക്ടറെയും കെഎസ‌്ആർടിസി ഏർപ്പെടുത്തണം. ബസിന് 2.5 കോടി രൂപയാണ് ചെലവ്. ഘട്ടംഘട്ടമായി 300 ഇലക്ട്രിക‌് ബസുകളാണ് വാടക കരാർ വ്യവസ്ഥയിൽ സംസ്ഥാനത്ത‌് നിരത്തിലിറക്കാൻ ഉദ്ദേശിക്കുന്നത്. നിലവിൽ ഹിമാചൽ പ്രദേശ്, തെലങ്കാന, കർണാടകം, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഇലക്ട്രിക‌് ബസുണ്ട‌്. കേന്ദ്ര സബ്സിഡിയോടെയാണിത്.









0 comments