എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം ജൂണ്‍ 20 മുതല്‍ 24 വരെ കൊല്ലത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 16, 2018, 01:44 PM | 0 min read

കൊല്ലം > എസ്എഫ്‌ഐ മുപ്പത്തിമൂന്നാം സംസ്ഥാനസമ്മേളനം ജൂണ്‍ 20 മുതല്‍ 24 വരെ കൊല്ലത്ത് നടക്കും. 21 ന് രാവിലെ പത്തിന് കാല്‍ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന റാലി ചിന്നക്കടയില്‍ നിന്നാരംഭിക്കും.  തുടര്‍ന്ന് ക്യൂഎസി മൈതാനത്ത് ചേരുന്ന പൊതുസമ്മേളനം (ശ്രീകുമാര്‍ നഗര്‍) സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും.

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, പരമ്പരാഗത വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌‌‌സികുട്ടിയമ്മ, എസ്എഫ്‌ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിക്രംസിംഗ്, സംസ്ഥാന സെക്രട്ടറി എം വിജിന്‍, പ്രസിഡന്റ് ജെയ്ക്ക് സി തോമസ് എന്നിവര്‍ പങ്കെടുക്കും.

22ന് അജയപ്രസാദ് നഗറില്‍ (യൂനുസ് കണ്‍വന്‍ഷന്‍ സെന്റര്‍, ആശ്രാമം) പ്രതിനിധി സമ്മേളനം നടക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. രക്തസാക്ഷി കുടുംബസംഗമം, പൂര്‍വ്വകാല നേതൃസംഗമം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. രക്തസാക്ഷി കുടുംബ സംഗമം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും

.സമ്മേളനത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള പതാക കൊടിമര ദീപശിഖ ജാഥകള്‍ ജൂണ്‍ 20 ന് പൊതുസമ്മേളനഗരിയില്‍ എത്തിച്ചേരും. കണ്ണൂര്‍ കെ.വി.സുധീഷ് രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന പതാകജാഥ ജൂണ്‍17 ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് അഫ്‌സലാണ് ജാഥാ ക്യാപ്റ്റന്‍.

കരുനാഗപ്പള്ളി അജയ പ്രസാദ് രക്തസാക്ഷി സ്‌മൃതിമണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന കൊടിമരജാഥയുടെ ക്യാപ്റ്റന്‍ എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം ഖദീജത്ത് സുഹൈല ആണ്. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ ജാഥ ഉദ്ഘാടനം ചെയ്യും. ജാഥ ജൂണ്‍ 20ന് ഉച്ചയ്‌‌ക്ക് ഒന്നിന് ആരംഭിയ്ക്കും.

പാറശ്ശാല സജിന്‍ ഷാഹുല്‍ രക്തസാക്ഷി സ്‌മൃതി മണ്ഡപത്തില്‍ നിന്നും എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം പ്രതിന്‍സാജ് കൃഷ്‌ണയുടെയും ചവറ ശ്രീകുമാര്‍ രക്തസാക്ഷി സ്‌മൃതി മണ്ഡപത്തില്‍ നിന്ന്  എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം എസ് ആര്‍ ആര്യയുടെ നേതൃത്വത്തിലും ദീപശിഖ ജാഥകള്‍ എത്തിച്ചേരും. സാംസ്‌‌‌കാരിക വകുപ്പ്  മന്ത്രി എ.കെ.ബാലനും എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.വി.സാനുവും ജാഥകള്‍ യഥാക്രമം ഉദ്ഘാടനം ചെയ്യും.

ജൂണ്‍ 20 ന് വൈകിട്ട്6 ന് പൊതുസമ്മേളനനഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തും. 575 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊല്ലത്ത് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നിരവധി അനുബന്ധ പരിപാടികള്‍ നടന്നുവരുന്നു. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഭവന നിര്‍മ്മാണം, 150 വിദ്യാര്‍ത്ഥി സംഗമം, കലാകായിക മത്സരങ്ങള്‍, ബിഗ് ഡിബേറ്റ് എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

പ്രഭാത് പട്‌‌‌നായിക് പങ്കെടുത്ത് വിദ്യാഭ്യാസവും ഭരണകൂടവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. പൊരീയ്ക്കലില്‍ നടന്ന സ്വത്വം വര്‍ഗം മതം സെമിനാര്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്‌തു. മീഡിയ ട്രൂത്ത് പോസ്റ്റ് ട്രൂത്ത് എന്ന വിഷയത്തില്‍ നടന്ന മാധ്യമ ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകരായ പി.എം.മനോജ്, എം എസ് ശ്രീകല, ഇ സനീഷ്, അഭിലാഷ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

ജെന്റര്‍ ന്യൂട്രല്‍ അസംബ്ലിയില്‍ ആഷിഖ് അബു, ഡോ. സുജ സൂസന്‍ ജോര്‍ജ്, ശ്യാമ എന്നിവര്‍ പങ്കെടുത്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥി പോരാളികളുടെ സംഗമം എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു ഉദ്ഘാടനം ചെയ്‌തു. മാര്‍ക്‌സ് @ 200 എന്ന വിഷയത്തില്‍ ഡോ. സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണം നടന്നു.

നാളെ രാവിലെ പത്തിന് ജില്ലയിലെ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സംഗമം കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ എം എ ബേബി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്‌ച പരവൂരില്‍ വിദ്യാഭ്യാസരംഗം വെല്ലുവിളികളും പ്രതിരോധങ്ങളും എന്ന സെമിനാര്‍ എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി. ശിവദാസന്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 19ന് ചിന്നക്കടയില്‍ സാംസ്‌‌‌കാരിക സംഗമം ചലച്ചിത്ര  അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്യും.

ലോകകപ്പ് ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് പതിനഞ്ചടി ഉയരമുള്ള ഫുട്‌ബോള്‍ മാതൃകയുമായി വിദ്യാര്‍ത്ഥികള്‍ നഗരത്തില്‍ ഫുട്‌ബോള്‍ തെരുവോട്ടം നടത്തി. സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹികളുടെ ടീമും ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികളുടെ ടീമും ഏറ്റുമുട്ടി.

വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് പ്രചരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 1500 വിദ്യാര്‍ത്ഥി സ്‌‌‌ക്വാഡുകള്‍ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ വീടുകളില്‍ സന്ദര്‍ശനം നടത്തി.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍, ജനറല്‍ കണ്‍വീനര്‍ ശ്യാം മോഹന്‍, സിപിഐ എം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എക്‌‌സ് ഏണസ്റ്റ്, കണ്‍വീനര്‍ എസ്. അരവിന്ദ് അനുബന്ധപരിപാടി സബ് കമ്മിറ്റി കണ്‍വീനര്‍ എം. ഹരികൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുത്തു.


 



deshabhimani section

Related News

View More
0 comments
Sort by

Home