ലോട്ടറി സമ്മാനങ്ങളിൽ വൻ വർധന

സ്വന്തം ലേഖകൻ
സംസ്ഥാന ലോട്ടറിയുടെ പുതുക്കിയ സമ്മാനഘടന ജൂലൈ 15 മുതൽ നടപ്പാക്കും. സമ്മാനങ്ങളുടെ എണ്ണത്തിൽ വൻവർധനയുണ്ടാകും. കാരുണ്യപ്ലസ‌് നറുക്കെടുപ്പിലെ സമ്മാനങ്ങളുടെ എണ്ണം 246021 ആയി ഉയരും. നിലവിൽ പ്രതിദിനം 226814 സമ്മാനമാണ‌് നൽകിയിരുന്നത‌്. അക്ഷയ ഭാഗ്യക്കുറിയിലെ സമ്മാനങ്ങളുടെ എണ്ണം 226825 ആകും.
യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് 87000 ആയിരുന്ന സമ്മാനമാണ‌് ഇപ്പോൾ 246000ത്തിലേക്കെത്തിയത‌്. 5000രൂപയുടെ സമ്മാനങ്ങളുടെ എണ്ണവും വർധിക്കും. മെയ‌് ഒന്നുമുതൽ 30 രൂപ ടിക്കറ്റിൽ 1000 രൂപയുടെ 1080 സമ്മാനവും 500ന്റെ 6480 സമ്മാനവും 100 രൂപയുടെ 28000 സമ്മാനവും ഉൾപ്പെടെ 33469 സമ്മാനം വർധിച്ചിരുന്നു.
40 രൂപ ടിക്കറ്റിന‌് 1000 രൂപയുടെ 3240 സമ്മാനവും 500ന്റെ 6480 സമ്മാനവും 100 രൂപയുടെ 28000 സമ്മാനവും ഉൾപ്പെടെ 33469 സമ്മാനവും വർധിച്ചു. ഇതിൽ 5000 രൂപയുടെ സമ്മാനങ്ങൾ വർധിച്ചില്ലെന്ന വിലയിരുത്തലിലാണ‌് ജൂലൈ 15 മുതൽ പുതിയ സമ്മാനഘടന നിലവിൽവരുന്നത‌്. ഒരു ടിക്കറ്റിന‌് 26.80 രൂപയാണ‌് മുഖവില. 3.20രൂപ ജിഎസ‌്ടിയിലേക്ക‌് പോകും. യുഡിഎഫ‌് കാലത്ത‌് ടിക്കറ്റിന്റെ മുഖവിലയുടെ 42 ശതമാനമാണ‌് സമ്മാനത്തിന‌് നീക്കിവച്ചത‌്. ഇപ്പോഴിത‌് 52 ശതമാനമായി.
25.25 ശതമാ നം വിൽപ്പന കമീഷനും 4.5 ശതമാനം ഏജൻസി സമ്മാനവും നൽകുന്നു. ആറു ശതമാനം നടത്തിപ്പുചെലവാണ‌്. സർക്കാരിന‌് ലഭിക്കുന്നതാകട്ടെ 12 ശതമാനവും. യുഡിഎഫ‌് കാലത്ത‌് ടിക്കറ്റിന്റെ മുഖവിലയുടെ 24 ശതമാനം സർക്കാരിന‌് ലഭിച്ചിരുന്നു. സമ്മാനങ്ങൾ ഭീമമായി വർധിച്ചതോടെ ടിക്കറ്റുകൾ മാറാൻ ലോട്ടറി ഓഫീസുകളിൽ പ്രയാസം നേരിടുന്നതിനാൽ 28 ക്ലർക്കുമാരുടെയും 15 ജൂനിയർ സൂപ്രണ്ടുമാരുടെയും തസ‌്തിക സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സമ്മാനങ്ങളുടെ ആകെത്തുകയിൽ മാറ്റംവരുത്താൻ കഴിയാത്തതിനാൽ ഘടനയിലെ മാറ്റത്തിനാണ‌് മുൻഗണന. 5000 രൂപയുടെ സമ്മാനങ്ങൾ വർധിപ്പിക്കാൻ ചെറിയസമ്മാനങ്ങൾ കുറയ‌്ക്കണമെന്ന ആവശ്യവും ചില കേന്ദ്രങ്ങളിൽ ഉയരുന്നു. ഇതിനായി ചെറിയ സമ്മാനങ്ങൾ വൻതോതിൽ വെട്ടിക്കുറയ‌്ക്കേണ്ടിവരും. ഇത‌് ദോഷമാകുമെന്നാണ‌് വിലയിരുത്തൽ.
ലോട്ടറി ബന്ദ‌് എഴുത്ത‌് ചൂതാട്ട ലോട്ടറിക്കാരെ സഹായിക്കും
ഐഎൻടിയുസി 18ന‌് പ്രഖ്യാപിച്ചി ലോട്ടറി ബന്ദ‌് എഴുത്ത‌് ചൂതാട്ട ലോട്ടറിക്കാരെ സഹായിക്കാനേ ഉപകരിക്കൂവെന്ന‌് കേരള ലോട്ടറി ഏജന്റ‌്സ‌് ആൻഡ‌് സെല്ലേഴ‌്സ‌് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി. തീരുമാനം രാഷ്ട്രീയപ്രേരിതവും അനാവശ്യവുമാണ‌്. ലോട്ടറി സംരക്ഷണസമിതിയുടെ ആവശ്യം അനുസരിച്ച‌് 5000 രൂപ സമ്മാനങ്ങൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട‌്. ലോട്ടറിയിൽനിന്നുള്ള വരുമാനം കുറച്ച‌് സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ‌് സർക്കാർ തീരുമാനം. യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് കൂടുതൽ സമ്മാനങ്ങൾ നൽകിയിരുന്നു എന്ന വാദം തെറ്റാണ‌്. എൽഡിഎഫ‌് സർക്കാർ വന്നശേഷം 1,39,000 സമ്മാനങ്ങൾ വർധിപ്പിച്ചു. യുഡിഎഫ‌് സർക്കാർ 63 ലക്ഷം ടിക്കറ്റ‌് അച്ചടിച്ച‌് വിതരണം ചെയ‌്തപ്പോൾ എൽഡിഎഫ‌് സർക്കാർ 96 ലക്ഷം ടിക്കറ്റ‌് വിതരണം ചെയ്യുന്നു.സമ്മാനത്തുക കൃത്യമായി വിതരണം ചെയ്യുന്നതിന‌് ഓഫീസുകളിൽ അധിക തസ‌്തികയും അനുവദിച്ചു. സമ്മാന ഘടനയിൽ ഇനിയും മാറ്റത്തിന‌് തയ്യാറാണെന്ന‌് ധനമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട‌്.
നോട്ട‌് നിരോധനവും ചരക്ക‌് സേവന നികുതിയും സംസ്ഥാനത്ത‌് സാമ്പത്തികമാന്ദ്യം സൃഷ്ടിച്ചിട്ടുണ്ട‌്. ഇത‌് ലോട്ടറി മേഖലയെയും ബാധിച്ചു. ഒറ്റ നമ്പർ ലോട്ടറി തിരിച്ചുകൊണ്ടുവരാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു.
ചൂതാട്ട എഴുത്ത‌് ലോട്ടറിയും സ്വാധീനത്തിന‌് ശ്രമിക്കുകയാണ‌്. ഇതിനിടയിലാണ‌് ലോട്ടറി മേഖലയ‌്ക്കുമേൽ ഒരു ബന്ദുകൂടി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത‌്. ഇത‌് മുഴുവൻ ലോട്ടറി വ്യാപാരികളും വിൽപ്പനക്കാരും തള്ളിക്കളയണമെന്ന‌് യൂണിയൻ ജനറൽ പി ആർ ജയപ്രകാശ‌് പറഞ്ഞു.
ലോട്ടറി ബന്ദ‌് അനവസരത്തിലുള്ളതും രാഷ‌്ട്രീയ പ്രേരിതവുമാണെന്ന‌് ഓൾ കേരള ലോട്ടറി ട്രേഡേഴ‌്സ‌് യൂണിയൻ (എഐടിയുസി) സംസ്ഥാന സെക്രട്ടറി വി ബാലനും പ്രസ‌്താവനയിൽ പറഞ്ഞു.









0 comments