ഫോർമുല തയ്യാറാക്കിയവർ ആന്റണിയെയും ഗൗനിച്ചില്ല ; പേമെന്റ‌് സീറ്റെന്ന ആരോപണവും

കേരള കോൺഗ്രസ‌് മാണി വിഭാഗത്തിന‌് രാജ്യസഭാസീറ്റ‌് നൽകിയത‌് മുതിർന്ന നേതാവ‌് എ കെ ആന്റണിയെയും വകവയ‌്ക്കാതെ. ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയുംചേർന്ന‌് തയ്യാറാക്കിയ ഫോർമുലയുമായി ആദ്യം ആന്റണിയുടെ അടുത്താണ‌് ചെന്നതെങ്കിലും സമ്മതിച്ചില്ല. മുന്നണിയിലില്ലാത്ത പാർടിക്ക‌് സീറ്റ‌് നൽകുന്നത‌് അനുചിതമാണെന്ന‌് ആന്റണി പറഞ്ഞിരുന്നു. എന്നാൽ, ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ‌് കിട്ടണമെങ്കിൽ മാണി വേണമെന്ന‌് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഹസ്സനും വാദിച്ചെങ്കിലും വഴങ്ങിയില്ല. കോൺഗ്രസിന‌് അവകാശപ്പെട്ട സീറ്റാണെന്നും വിട്ടുകൊടുത്താൽ ക്ഷീണമാകുമെന്നും ആന്റണി വ്യക്തമാക്കി.
തുടർന്നാണ‌് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ‌്നിക്കിനെ ‘സ്വാധീനിച്ചത‌്’. ഇതിനുപിന്നിലെ നാടകങ്ങളിലാണ‌് അണികൾ നിഗൂഢത കാണുന്നത‌്. പേമെന്റ‌് സീറ്റെന്നാണ‌് ഒരുവിഭാഗം ആരോപിക്കുന്നത‌്. ഒന്നുകിൽ രാജ്യസഭാസീറ്റ‌് അല്ലെങ്കിൽ ചെന്നിത്തല പ്രതിപക്ഷനേതൃസ്ഥാനം ഒഴിയണമെന്നാണ‌് മാണിയുടെ ഡിമാന്റെന്ന‌് ഇവർ മുകുൾ വാസ‌്നിക്കിനോട‌് പറയുകയായിരുന്നു. ചെന്നിത്തലയുടെ നിസ്സഹായതകണ്ട‌് മുകുൾ വാസ‌്നിക‌് ഒടുവിൽ വഴങ്ങുകയായിരുന്നത്രെ. തുടർന്ന‌് രാഹുൽ ഗാന്ധിയുടെ മുന്നിൽ മുകുൾ വാസ‌്നിക‌് വിഷയം അവതരിപ്പിക്കുകയായിരുന്നു. കേരളനേതാക്കൾ ‘ഒറ്റക്കെട്ടായി’ വന്നപ്പോൾ അത‌് കേരളത്തിലെ പാർടിയുടെ പൊതുവികാരമായിരിക്കുമെന്ന‌് തെറ്റിദ്ധരിച്ചാണ‌് രാഹുൽ ഗാന്ധിയും സമ്മതം മൂളിയത‌്. കേന്ദ്രനേതൃത്വത്തിന‌് മറിച്ചൊരു ആലോചനയ‌്ക്കുപോലും സമയം കൊടുക്കാതെ മാണിക്ക‌് സീറ്റ‌് നൽകാൻ തീരുമാനിച്ചുവെന്ന‌് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചതും ഈ ഗൂഢാലോചനയുടെ ഭാഗമാണ‌്.
തീരുമാനം പുറത്തുവന്നതോടെ പൊട്ടിപ്പുറപ്പെട്ട തീ അണയ‌്ക്കാൻ ഇനിയുമായിട്ടില്ല. സംസ്ഥാനനേതാക്കൾ വരുത്തിവച്ച കുരുക്ക‌് അവർ തന്നെ അഴിക്കട്ടെ എന്നാണ‌് ഹൈക്കമാൻഡ‌് നിലപാട‌്. രാഹുൽ ഗാന്ധി തൽക്കാലം ഇടപെടില്ല. ആന്റണിയും അർഥഗർഭമായ മൗനം തുടരുകയാണ‌്. ചൊവ്വാഴ‌്ചത്തെ കെപിസിസി എക‌്സിക്യൂട്ടീവ‌് യോഗം കഴിഞ്ഞശേഷവും തമ്മിലടി തുടരുകയാണെങ്കിൽമാത്രമേ ഹൈക്കമാൻഡ‌് ഇടപെടൂ. തമ്മിലടി തുടർന്നാലും ഇല്ലെങ്കിലും കെപിസിസി പുനഃസംഘടന എന്ന കടമ്പകൂടി ബാക്കിയുണ്ട‌്. ഹസ്സനെ എന്തായാലും കെപിസിസി പ്രസിഡന്റ‌് സ്ഥാനത്തുനിന്ന‌് മാറ്റും.









0 comments