കാട്ടില് ആശുപത്രി; കുടിയിൽ ഡോക്ടർ

തൃശൂര്‍ > വാർധക്യത്തിന്റെ അവശതകൾ തളർത്തിയ എച്ചിക്കുട്ടിയെ തേടി ആശുപത്രിയും ഡോക്ടറും ആനപ്പാന്തം ശാസ്താംപൂവം ആദിവാസി കോളനിയിലെത്തി. ഡോക്ടർ ചികിത്സിച്ച‌് കൈയോടെ മരുന്നും നൽകിയപ്പോൾ ഈ എഴുപത്തൊന്നുകാരിയുടെ കണ്ണുകളിൽ ആശ്വാസത്തിന്റെ പുതുവെട്ടം. ഇസിജിയടക്കമുള്ള സൗകര്യവുമായി മെഡിക്കൽ സംഘം കോളനിയിൽ എത്തുന്നത് ഇതാദ്യം. ആദിവാസികൾക്ക് ചികിത്സാ സൗകര്യമൊരുക്കി ഊരുകളിലും കുടിലുകളിലേക്കും സഞ്ചരിക്കുന്ന ആശുപത്രിയെത്തുകയാണ്.
പട്ടികവർഗ വികസന വകുപ്പിന്റെ മൊബൈൽ മെഡിക്കൽ ക്ലിനിക്ക് യൂണിറ്റാണ് ആദിവാസി ഊരുകളിൽ നേരിട്ടെത്തി ചികിത്സയൊരുക്കുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രൊമോഷൻ ട്രസ്റ്റിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി. കിടപ്പുരോഗികളെ കാണാൻ കുടിലുകളിലും അത്യാസന്ന ഘട്ടങ്ങളിലുള്ളവരെ വണ്ടിയിൽ ആശുപത്രിയിലും എത്തിക്കും. സംഘം എത്തുന്ന ദിവസം കോളനിയിലെ പട്ടികവർഗ പ്രൊമോട്ടറെ മുൻകുട്ടി അറിയിച്ച‌് വിവരം ഊരുനിവാസികളിലേക്ക‌് കൈമാറും.
“മുന്നൊക്കെ കാടിറങ്ങി വെള്ളിക്കുളങ്ങര പോണം ചികിത്സക്ക്. ഇപ്പോൾ ഊരില് ഡോക്ടറെത്തും. വലിയൊരു സഹായമാണ് സർക്കാർ ചെയ്യുന്നത്. ’ ‐ കൊടകര ശാസ്താംപൂവം കോളനിയിലെ രാമചന്ദ്രൻ പറഞ്ഞു. മാസം 22 ദിവസം വിവിധ കോളനികളിൽ സഞ്ചരിച്ച് സൗജന്യ സേവനം നടത്തുന്നതായി പദ്ധതിയുടെ സംസ്ഥാന പ്രോഗ്രാം കോ‐ ഓർഡിനേറ്റർ പി വി മധുസൂദനൻ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോർട്ട് മാസത്തിൽ പട്ടികവർഗ വികസനവകുപ്പിനും ആരോഗ്യവകുപ്പിനും കൈമാറും. എല്ലാ മാസവും യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. പരിശോധനയ‌്ക്കൊപ്പം പ്രതിരോധബോധവൽക്കരണവും നടത്തുന്നു.
പട്ടികവർഗ വികസനവകുപ്പ് മന്ത്രി എ കെ ബാലൻ താൽപ്പര്യമെടുത്താണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ആദ്യഘട്ടം കാസർകോട്, കണ്ണൂർ, പാലക്കാട്, വയനാട്, ഇടുക്കി, കൊല്ലം ജില്ലകളിൽ പ്രവർത്തനം തുടങ്ങി. പിന്നീട‌് മറ്റുജില്ലകളിലും വ്യാപിപ്പിച്ചു. തൃശൂരിൽ കഴിഞ്ഞ ഏപ്രിലിലാണ് പദ്ധതി തുടങ്ങിയത‌്. ഡോ. നവനീത‌് എസ‌് ദാസിന്റെ നേതൃത്വത്തിലുള്ള സംഘം മാസം ആയിരത്തോളംപേർക്ക് ചികിത്സ നൽകുന്നുണ്ട‌്.









0 comments