നിപാ ഭീതിയകന്നു; കോഴിക്കോട‌് ഉണരുന്നു

കോഴിക്കോട‌്
നിപാ ഭീതി വിട്ടുമാറാൻ തുടങ്ങിയതോടെ കോഴിക്കോട‌് ഉണരുകയാണ‌്. തെരുവുകൾ സജീവമാകുന്നു, ബസ്സുകൾ നിറയുന്നു, സിനിമക്ക‌് ആള‌് കയറിത്തുടങ്ങി. മിഠായിത്തെരുവും വലിയങ്ങാടിയും പഴയ ജനതിരക്കിലേക്ക‌് നീങ്ങുന്നു.
റെയിൽവേസ‌്റ്റേഷനും ബസ‌്സ‌്റ്റാൻഡും വീണ്ടും തിരക്കിലേക്ക‌്. പെരുന്നാൾ കച്ചവടത്തിൽ നഷ്ടപ്പെട്ട രണ്ടാഴ‌്ച വീണ്ടെടുക്കാനുള്ള തത്രപ്പാടിലാണ‌് കച്ചവടക്കാർ. ആരോഗ്യവകുപ്പിന്റെ പ്രതിരോധപ്രവർത്തനങ്ങളും സർക്കാരിന്റെ ഇടപെടലുകളും നാട്ടിൽ വലിയ ആത്മവിശ്വാസമുയർത്തി.
പതിനേഴുപേരുടെ മരണം ജില്ലയെ പിടിച്ചുലച്ചിരുന്നു. നിപായ‌്ക്ക‌് മരുന്നില്ലെന്ന യാഥാർഥ്യമാണ‌് ജനങ്ങളെ പരിഭ്രാന്തിയിലാഴ‌്ത്തിയത‌്. വൈറസ‌് ബാധിച്ചാൽ മരണമുറപ്പാണെന്ന വാർത്തകൾ പ്രചരിച്ചതോടെ ആളുകൾ പുറത്തിറങ്ങാതായി. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജവാർത്തകൾ ആശങ്ക ഇരട്ടിയാക്കി. ചങ്ങരോത്ത‌് പഞ്ചായത്തിലെ സൂപ്പിക്കടയിൽ കുടുംബത്തിലെ നാലുപേർ മരിച്ചത‌് ജനങ്ങളെ ഞെട്ടിച്ചു. പേരാമ്പ്ര ടൗണാണ‌് ആദ്യം ശൂന്യമായത‌്. മരണം കൂടിയതോടെ ബാലുശേരിയിലും മുക്കത്തും കോഴിക്കോട‌് ടൗണിലും ആളൊഴിഞ്ഞു. മിഠായിത്തെരുവും കടപ്പുറവും ശൂന്യമായി. സ്വകാര്യബസ്സുകൾ സർവീസ‌് വെട്ടിക്കുറച്ചു. കെഎസ‌്ആർടിസിയുടെ വരുമാനത്തെ ബാധിച്ചു. റോഡിലിറങ്ങുന്നവർ മാസ‌്ക‌് ധരിച്ചുതുടങ്ങി.
കല്യാണങ്ങളും ആഘോഷങ്ങളും മാറ്റിവച്ചു. സമൂഹനോമ്പുതുറ ഇല്ലേയില്ല. കല്യാണം നടത്തിയാൽ അടുത്ത ബന്ധുക്കൾ മാത്രം. മരിച്ച വീട്ടിൽപോലും ആളില്ലാത്ത അവസ്ഥ. നോമ്പിന്റെ അവധിക്ക‌് നാട്ടിലെത്തേണ്ട ഗൾഫുകാർ യാത്ര മാറ്റി.
കോഴിക്കോട്ടെ വിപണിയെയാണ‌് പ്രശ‌്നം കാര്യമായി ബാധിച്ചത‌്. എല്ലാ കച്ചവടവും 25 ശതമാനമായി കുറഞ്ഞു. കയറ്റുമതിക്കും തിരിച്ചടിയായി. പെരുന്നാൾ ലക്ഷ്യമിട്ടുള്ള കച്ചവടം താളംതെറ്റി. വ്യാപാരമേഖല നഷ്ടം നികത്തി തിരിച്ചുവരാൻ സമയമെടുക്കുമെന്നാണ‌് കച്ചവടക്കാർ പറയുന്നത‌്.
ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക‌് ധൈര്യം പകർന്നുതുടങ്ങി. പ്രതിരോധപ്രവർത്തനത്തിനൊപ്പം ബോധവൽക്കരണവും വലിയതോതിൽ ജനങ്ങളെ സ്വാധീനിച്ചു. വൈറസ‌് പടരുന്നത‌് എങ്ങനെയാണന്ന തിരിച്ചറിവും ജനങ്ങൾ പുറത്തിറങ്ങാൻ കാരണമായി. അഞ്ചു ദിവസമായി നിപാ റിപ്പോർട്ട‌് ചെയ്യാത്തതും ആശ്വാസത്തിനിട നൽകി.
മെഡിക്കൽ കോളേജ‌് ഒഴികെയുള്ള ആശുപത്രികളിൽ രോഗികൾ എത്തുന്നുണ്ട‌്. പേരാമ്പ്ര അടക്കമുള്ള ടൗണുകൾ സജീവമായിത്തുടങ്ങി. 12ന‌് സ‌്കൂൾ തുറക്കാനും 30വരെ ജാഗ്രത തുടരാനാണ‌് സർക്കാർ തീരുമാനം.









0 comments