പ്രിന്റഡ് ബുക്ക് പോസ്റ്റ് സേവനം അവസാനിപ്പിച്ചത് ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം: പുകസ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 11:28 AM | 0 min read

തിരുവനന്തപുരം> പ്രിന്റഡ് ബുക്ക് പോസ്റ്റ് സേവനം നിർത്തലാക്കാനുള്ള തപാൽ വകുപ്പിന്റെ തീരുമാനം അറിയാനും അറിയിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം.പ്രിന്റഡ് ബുക്ക് പോസ്റ്റ് സേവനം നിർത്തലാക്കുന്ന നടപടികളിൽ പ്രത്യക്ഷവും, സർഗാത്മകവുമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്നും പുകസ സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.

'രാജ്യത്തെങ്ങും ആനുകാലികങ്ങളുടെയും പുസ്തകങ്ങളുടെയും ലാഭകരവും സുഗമവുമായ വിതരണത്തിന് കൂച്ചുവിലങ്ങിടുകയാണ്. ഇപ്പോൾ തന്നെ മതിയായ ജോലിക്കാരുടെ അഭാവത്തിൽ അത്രയേറെ കാലതാമസത്തോടെയാണ് ഇത്തരം ഉരുപ്പടികൾ വിതരണം ചെയ്യപ്പെടുന്നത്. ഈ നടപടിയോടെ ഈ സൗകര്യം എന്നന്നേക്കുമായി റദ്ദാക്കപ്പെടുന്നു. ബിഎസ്എൻഎൽ പോലെ തപാൽ വകുപ്പിനെയും പടിപടിയായി ഉന്മൂലനം ചെയ്യാനുള്ള ശ്രമമല്ലേ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

പുസ്തകങ്ങളും, ആനുകാലികങ്ങളും സമൂഹത്തെ ജീർണ്ണവും ഇടുങ്ങിയതുമായ ചിന്തകളിൽ നിന്ന്  മോചിപ്പിക്കും. വായനാ സംസ്കാരം തന്നെ ഇല്ലാതാക്കാനുള്ള ഈ നടപടി വെറുപ്പിന്റെയും വിഭജനത്തിന്റെയും ആശയങ്ങൾക്ക് സമൂഹത്തിൽ വേരുറപ്പിക്കാനുള്ള വഴി തുറക്കും. ഒപ്പം, പുസ്തക പ്രസാധകരംഗത്ത് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ആവിഷ്കാര സ്വാതന്ത്ര്യത്തെ പലരീതിയിൽ നിഹനിക്കുന്ന സംഘപരിവാർ ഭരണകൂട പദ്ധതികളുടെ തുടർച്ചയാണിത്. പുസ്തകങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും ഉയർന്നുവരുന്ന മാനവിക ചിന്തകൾക്ക് തടയിടുകയാണ് കേന്ദ്രസർക്കാർ വകുപ്പിന്റെ ലക്ഷ്യം'- പുകസ പ്രസ്താവനയിൽ പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home