കള്ളപ്പണക്കേസ്‌ ; കുറ്റാരോപിതരുടെ മുഴുവൻ സ്വത്തും 
കണ്ടുകെട്ടാന്‍ വ്യവസ്ഥയില്ല: ഹെെക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 02:27 AM | 0 min read


കൊച്ചി
കള്ളപ്പണക്കേസുകളിൽ കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടുന്ന എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) നടപടിക്കെതിരെ ഹൈക്കോടതി. കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും ഇഡിക്ക്‌ എങ്ങനെ കണ്ടുകെട്ടാനാകുമെന്നും കുറ്റകൃത്യത്തിനുമുമ്പുള്ള, അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം സാധ്യമല്ലെന്നും ഹൈക്കോടതി പറഞ്ഞു.

സ്വത്തുക്കളെല്ലാം കണ്ടുകെട്ടിയ ഇഡി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശികളും മുതിർന്ന പൗരരുമായ ദമ്പതികൾ ഡേവി വർഗീസും ലൂസിയും നൽകിയ ഹർജിയിൽ, കേസ് രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് സമ്പാദിച്ച വസ്തുവകകൾ കണ്ടുകെട്ടലിൽനിന്ന്‌ ഒഴിവാക്കാനും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്‌ ഉത്തരവിട്ടു.
കള്ളപ്പണ ഇടപാടിലൂടെ സമ്പാദിച്ച സ്വത്ത് രാജ്യത്തുനിന്ന് പുറത്തുകടത്തി കെെവശം വച്ചാൽമാത്രമേ അതുമായി ബന്ധമില്ലാത്ത മുൻകാല ആർജിത സ്വത്തുക്കൾ കണ്ടുകെട്ടാനാകൂവെന്ന് കോടതി പറഞ്ഞു. മറ്റു സാഹചര്യങ്ങളിൽ കുറ്റകൃത്യവുമായി ബന്ധമില്ലാത്ത സ്വത്ത് കണ്ടുകെട്ടണമെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നില്ലെന്നും വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് ഹർജിക്കാരും ബിസിനസ് പങ്കാളികളും ചേർന്ന് 3.49 കോടിയുടെ അനധികൃത വായ്പ തരപ്പെടുത്തിയെന്ന കേസിലാണ് മുഴുവൻ സ്വത്തുവകകളും  കണ്ടുകെട്ടിയിരുന്നത്. ഇവ‌ർക്കെതിരെ ആരോപിക്കുന്ന കുറ്റം 2014ലാണ് നടന്നതായി പറയുന്നത്. എന്നാൽ, കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് 2022ലാണ് ഇഡി കേസെടുക്കുന്നത്. അതിനാൽ ഹർജിക്കാർ 1987, 97, 99 വർഷങ്ങളിൽ വാങ്ങിയ സ്വത്തുക്കളുടെ കണ്ടുകെട്ടൽ നിയമപ്രകാരമല്ലെന്ന് കണ്ടാണ് റദ്ദാക്കിയത്.

1987ൽ കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള പിഎംഎൽഎ നിയമം പ്രാബല്യത്തിലുണ്ടായിരുന്നില്ല. 2002ലാണ്‌ പ്രാബല്യത്തിൽ വന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഇഡി കണ്ടുകെട്ടിയതിനാൽ ദൈനംദിന ചെലവിനുപോലും പണമില്ലെന്ന് ഹർജിക്കാർ ബോധിപ്പിച്ചു. വായ്പ തുകയേക്കാൾ വിലമതിക്കുന്ന 8.5 കോടിയുടെ വസ്തുക്കൾ ബാങ്കിൽ ഈട്‌ നൽകിയിരുന്നതാണെന്നും കോടതിയെ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home