സഭാതർക്കം ; ആറ്‌ പള്ളിയിൽ തൽസ്ഥിതി 
തുടരണം : സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 12:16 AM | 0 min read


ന്യൂഡൽഹി
സഭാതർക്കം തുടരുന്ന ആറ്‌ പള്ളികളിലും അടുത്തവാദം കേൾക്കുംവരെ തൽസ്ഥിതി തുടരണമെന്ന്‌ സുപ്രീംകോടതി. എറണാകുളം, പാലക്കാട് ജില്ലകളിലെ ഓർത്തഡോക്‌സ്‌, യാക്കോബായ പള്ളിത്തർക്കത്തിലാണ്‌ ജസ്റ്റിസുമാരായ സൂര്യകാന്ത്,  ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം. ക്രമസമാധാന പ്രശ്‌നമുണ്ടായാൽ സംസ്ഥാന സർക്കാരിന്‌ ഇടപെടാം. ജനുവരി 29, 30 തീയതികളിൽ കേസ്‌ വിശദമായി പരിഗണിക്കും. സംസ്ഥാനത്ത്‌ ഈ രണ്ട്‌ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ എണ്ണം, എത്രവീതം പള്ളികൾ കൈവശമുണ്ട്‌, തർക്കം എതിലൊക്കെ, നിയന്ത്രണം ആർക്ക്‌ എന്നീ വിവരങ്ങൾ സംസ്ഥാനം  സമർപ്പിക്കണം. ഇരുവിഭാഗങ്ങൾക്കും  ഇടവക രജിസ്റ്ററുകൾ സമർപ്പിക്കാം.

തൽസ്ഥിതി തുടരുന്നതിനുപകരം ആറ്‌ പള്ളികളുടെ ഭരണനിർവഹണം ഓർത്തഡോക്‌സ്‌ വിഭാഗത്തിന്‌ കൈമാറണമെന്ന ഡിസംബർ മൂന്നിലെ ഉത്തരവ്‌ നടപ്പാക്കാൻ നിർദേശിക്കണമെന്ന്‌ ഓർത്തഡോക്‌സ്‌ വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, അത്‌ നടപ്പാക്കുന്നതിന്‌ പ്രയാസമുണ്ടെന്ന്‌ രണ്ടുവിഭാഗങ്ങളും അറിയിച്ചതായി ജസ്റ്റിസ്‌ സൂര്യകാന്ത്‌ വ്യക്തമാക്കി.

സെമിത്തേരികൾ യാക്കോബായ വിഭാഗത്തിനും ഉപയോഗിക്കാമെന്ന ഉത്തരവിനെതിരെ ഓർത്തഡോക്‌സ്‌ വിഭാഗം സത്യവാങ്‌മൂലം നൽകിയെന്ന്‌ യാക്കോബായ വിഭാഗത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ കോടതിയെ ധരിപ്പിച്ചു. ഉത്തരവിൽനിന്ന്‌ ഒഴിഞ്ഞുമാറാനാണോ ഓർത്തഡോക്‌സ്‌ വിഭാഗം ശ്രമിക്കുന്നതെന്ന്‌ ബെഞ്ച്‌ ചോദിച്ചു. പള്ളികളുമായി ബന്ധപ്പെട്ട സെമിത്തേരി, സ്‌കൂൾ, ആശുപത്രി എന്നിവ ഉപയോഗിക്കാൻ യാക്കോബായ വിഭാഗത്തെ അനുവദിക്കണമെന്ന്‌ കോടതി ആവർത്തിച്ച്‌ ആവശ്യപ്പെട്ടു.

സംസ്‌കാരച്ചടങ്ങുകൾക്ക്‌ യാക്കോബായ വൈദികർ എത്തുന്നതിൽ എന്താണ്‌ പ്രശ്‌നമെന്നും- ആരാഞ്ഞു. ചടങ്ങ്‌ മറ്റെവിടെയെങ്കിലും നടത്തിയശേഷം സംസ്‌കാരം സെമിത്തേരിയിൽ നടത്തുന്നതിൽ എതിർപ്പില്ലെന്ന്‌ ഓർത്തഡോക്‌സ്‌ വിഭാഗത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ മറുപടി നൽകി. സെമിത്തേരിയടക്കം ഉപയോഗിക്കണമെങ്കിൽ സഭയുടെ 1934ലെ ഭരണഘടനയോട്‌ കൂറ് പ്രഖ്യാപിക്കണമെന്ന്‌ നിർബന്ധിക്കാൻ പാടില്ലെന്ന്‌ ഉത്തരവിൽ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home