വരുന്നൂ, മിൽമയുടെ പാൽപ്പൊടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 08:45 AM | 0 min read

മലപ്പുറം > കോർപറേറ്റ്‌ കമ്പനികൾ ലാഭംകൊയ്യുന്ന പാൽപ്പൊടി നിർമാണരംഗത്തേക്ക്‌ ചുവടുവച്ച്‌ മിൽമ. മൂർക്കനാട് പ്രവർത്തനമാരംഭിക്കുന്ന പാൽപ്പൊടി നിർമാണ ഫാക്ടറി 24ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. പാൽപ്പൊടിയും അന്ന്‌ വിപണിയിലിറങ്ങും. തുടർന്ന്‌ മൂല്യവർധിത ഉൽപ്പന്നങ്ങളും പുറത്തിറങ്ങും.

മിൽമയുടെ കേരളത്തിലെ ആദ്യത്തെ ഫാക്ടറിയുടെ നിർമാണം പൂർത്തിയാക്കിയത്‌ പ്രമുഖ കമ്പനിയായ ടെട്രാപാക്കാണ്. 131.3 കോടി രൂപയാണ്‌ ചെലവ്‌. 15 കോടി രൂപ സംസ്ഥാന ക്ഷീര വികസന വകുപ്പ്‌ നൽകി. 32.72 കോടി രൂപ നബാർഡ്  ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടാണ്‌. ബാക്കി  മിൽമ മലബാർ മേഖലാ യൂണിയന്റെ വിഹിതമാണ്. അത്യാധുനിക സാങ്കേതികവിദ്യയോടുകൂടിയ പ്ലാന്റിൽ പത്ത് ടണ്ണാണ് ഉൽപ്പാദനശേഷി. പ്രതിദിനം ഒരുലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റാനാവും. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്‌ പാൽപ്പൊടി നിർമാണം. സൂപ്പർവൈസറി കൺട്രോൾ ആൻഡ്‌ ഡാറ്റാ അക്വിസിഷൻ (എസ്‌സിഎഡിഎ) സംവിധാനംവഴി  ഉൽപ്പാദനപക്രിയ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാകും.

ഫാക്‌ടറി വരുന്നതോടെ പ്രതികൂല സാഹചര്യങ്ങളിൽ പാൽ മിച്ചംവരുമ്പോൾ പൊടിയാക്കിമാറ്റുന്നതിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാകും. കേരളത്തിൽ  പാൽപ്പൊടി നിർമാണ ഫാക്ടറി ഇല്ലാത്തതിനാൽ കോവിഡ് കാലഘട്ടത്തിൽ  ഉയർന്ന അളവിൽ സംഭരിച്ച പാൽ പൊടിയാക്കി മാറ്റാൻ മിൽമ ഇതരസംസ്ഥാന  ഫാക്ടറികളെയാണ്‌ ആശ്രയിച്ചത്‌. മിൽമ പാൽപ്പൊടി ഫാക്ടറി പ്രവർത്തനമാരംഭിക്കുന്നതോടെ കേരളത്തിലെ ക്ഷീര കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ പാലിനും വിപണി കണ്ടെത്താനാകും. ലക്ഷക്കണക്കിന് രൂപയുടെ നികുതി വരുമാനം സംസ്ഥാന സർക്കാരിന് ലഭിക്കും. പ്രത്യക്ഷമായും പരോക്ഷമായും നൂറിൽപ്പരം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനുമാകും.



deshabhimani section

Related News

View More
0 comments
Sort by

Home