ഭയങ്കരം ; പേടിപ്പിച്ച് 
എക്സ്ഹുമ , ആകാംക്ഷയുടെ 2 മണിക്കൂർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 12:35 AM | 0 min read

തിരുവനന്തപുരം
കൊറിയൻ നാടോടിക്കഥകളിലെ വിശ്വാസങ്ങളുടെ കുഴിമാന്തിയെടുക്കുന്ന ഭയത്തിന്റെയും ആകാംക്ഷയുടെ 2 മണിക്കൂർ... ഞായറാഴ്ച നിശാ​ഗന്ധിയുടെ രാവിനെ പേടിയുടെ മുൾമുനയിൽ നിർത്തിയ സൗത്ത് കൊറിയൻ ചലച്ചിത്ര വിസ്മയം എക്സ്ഹുമ. യുഎസിൽ ജനിച്ച കൊറിയൻ കുടുംബാം​ഗമായ നവജാത ശിശുവിനെ ബാധിച്ച അസുഖത്തെ ഭേദ​പ്പെടുത്താനെത്തുന്ന ഷാമനായ (മന്ത്രവാദി) ലീ ഹ്വാറിമിലൂടെയാണ് കഥ തുടങ്ങുന്നത്. രോ​ഗകാരണം ഈ സമ്പന്ന കുടുംബത്തിലെ പൂർവികരുടെ ശാപമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അവരുടെ ശവകല്ലറ തുറക്കാനുള്ള തീരുമാനവും തുടർന്നുണ്ടാകുന്ന സംഭവികാസങ്ങളും സിനിമയിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്നുണ്ട്.

ആചാരങ്ങളുടെയും വിശ്വാസങ്ങളുടെ ചരിത്രം തുറക്കുന്ന സിനിമ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലെ ഷാമനിസം, ബുദ്ധിസം, സംസ്കാര ചടങ്ങുകളെയും രീതികളെയും കഥയിൽ കോർത്തിണക്കിയാണ് അവതരിക്കുന്നത്. ഒപ്പം രണ്ടാം ലോക മഹായുദ്ധ കാലത്തെ ജപ്പാന്റെ അധിനിവേശത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് സിനിമ. ഒടിടി പ്ലാറ്റ്ഫോമിലടക്കം വന്ന എക്സ്ഹുമയുടെ മിഡ്നൈറ്റ് പ്രദർശനം കാണാനെത്തിയത് ആയിരത്തിലധികം പേരാണ്. മൂന്നാംതവണ എക്സ്ഹുമ കാണാനെത്തിയവരും കൂട്ടത്തിലുണ്ടായിരുന്നു. അതിനാൽ തന്നെ പ്രധാന കഥാപാത്രമായ ചെമിൻസികിന്റെ മുഖം പ്രത്യക്ഷപ്പെട്ടതോടെ വേദി കൈയടിയിൽ നിറഞ്ഞു. മിഡ്നൈറ്റ് സ്ക്രീനിങ്ങിൽ ബുധനാഴ്ച കനേഡിയൻ ചിത്രം ലോങ്-ലെ​ഗ്സും വ്യാഴാഴ്ച ഭ്രമയു​ഗവും പ്രദർശിപ്പിക്കും.

ഇന്ന്‌ 67 ചിത്രം
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ വിവിധ വിഭാഗങ്ങളിൽ അഞ്ചാം ദിവസമായ ചൊവ്വാഴ്‌ച പ്രദർശിപ്പിക്കുന്നത്‌ 67 ചിത്രം.  അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലുള്ള ചിത്രങ്ങളുടെ രണ്ടാംപ്രദർശനം ഇന്ന്‌ പൂർത്തിയാകും.  ഏറെ പ്രേക്ഷക പ്രശംസ നേടിയ ‘മെമ്മറീസ് ഓഫ് എ ബേണിങ്‌ ബോഡി',‘റിഥം ഓഫ് ദമാം',‘ലിൻഡ' എന്നീ ചിത്രങ്ങൾ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും.  

സംവിധായകൻ പി ഭാസ്‌കരന്റെ ജന്മശതാബ്ദിയോട്‌ അനുബന്ധിച്ച്‌ ‘നീലക്കുയിലും’ ഉണ്ടാകും. നിളയിൽ 11.30ന്‌ ആണ് പ്രദർശനം. നിശാഗന്ധിയിൽ മൂന്നു ചിത്രം പ്രദർശിപ്പിക്കും. അതിൽ രണ്ട്‌ സിനിമ ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് ആണ്‌. വെർമിഗ്ലിയോ, ദ റൂം  നെസ്‌റ്റ്‌ ഡോർ എന്നിവയാണവ.  ലോക സിനിമ വിഭാഗത്തിൽ 23 ചിത്രവും ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ ഏഴു ചിത്രവും മലയാളം സിനിമാ ടുഡേ വിഭാഗത്തിൽ നാല്‌ ചിത്രവും പ്രേക്ഷകർക്ക്‌ മുന്നിലെത്തും.



deshabhimani section

Related News

0 comments
Sort by

Home