ഗേറ്റ്‌വേ ബേക്കൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസർകോട് > കേരളത്തിലെ ഏറ്റവും വലിയ ഗേറ്റ് വേ റിസോർട്ട് ബേക്കലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബേക്കൽ കോട്ടയുടെ സമീപത്ത് 30 ഏക്കറിലാണ് ഗേറ്റ്‌വേ ബേക്കൽ റിസോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐഎച്ച്‌സിഎൽ) ആണ് റിസോർട്ട് ഒരുക്കിയിരിക്കുന്നത്.
151 മുറികളുള്ള പഞ്ച നക്ഷത്ര റിസോർട്ടാണ് ഗേറ്റ് വേ ബേക്കൽ. ഗസ്റ്റ് റൂമുകൾക്കു പുറമെ കോട്ടേജുകളും സ്യൂട്ടുകളും വില്ലകളുമുണ്ട്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്താകുമെന്ന് പ്രതീക്ഷിക്കുന്ന റിസോർട്ടിലൂടെ അഞ്ഞൂറോളം പേർക്ക് നേരിട്ട് തൊഴിലവസരം ലഭിക്കും.ഉദുമ പഞ്ചായത്തിൽ ബേക്കൽ പുഴക്കരയിലെ ഉപദ്വീപിൽ ബേക്കൽ റിസോർട്‌സ് വികസന കോർപ്പറേഷൻ (ബിആർഡിസി) ഏറ്റെടുത്തു നൽകിയ ഭൂമിയിലാണ് പദ്ധതി.
വൈവിധ്യമാർന്ന ഡൈനിങ് ഒപ്ഷനുകൾ, സൺഡയൽ ആംഫി തിയേറ്റർ, ഗ്രാൻഡ് ബോൾറൂം, മീറ്റിംഗ് റൂമുകൾ, ബാൻക്വറ്റ് ഹാൾ എന്നിവയും ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്. ഗേറ്റ്‌വേ ബേക്കലിന്റെ ആരംഭത്തോടെ ഐഎച്ച്‌സിഎല്ലിന്റെ കേരളവുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന് ഐഎച്ച്‌സിഎൽ സിഇഒയും മാനേജിങ് ഡയറക്ടറുമായ പുനീത് ഛത് വാൾ പറഞ്ഞു. ബേക്കൽ പദ്ധതി പ്രദേശത്ത് ബിആർഡിസി സജ്ജമാക്കിയ മൂന്നാമത്തെ പഞ്ചനക്ഷത്ര റിസോർട്ടാണിത്.
2007ൽ സർക്കാർ –സ്വകാര്യ സംയുക്ത പദ്ധതി (പിപിപി) എന്ന നിലയിൽ ജംഷഡ്പൂർ കേന്ദ്രമായ ഗ്ലോബ് ലിങ്ക് ഹോട്ടലുമായാണ് ആദ്യം കരാറായത്. 2011 ൽ ഹോട്ടൽ നിർമാണം തുടങ്ങിയെങ്കിലും സിആർസെഡ് അടക്കമുള്ള ചട്ടങ്ങളിൽ പെട്ട് 2014 നിർമാണം സ്‌തംഭിച്ചു. നിക്ഷേപകരിലുണ്ടായ ആഗോള മാന്ദ്യം, കോവിഡ് എന്നിവ പ്രതിസന്ധിയായി. സംസ്ഥാന സർക്കാരും ബിആർഡിസിയും നടത്തിയ നിരന്തര ഇടപെടലിൽ ബംഗളൂരു ആസ്ഥാനമായ ഗോപാലൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഏറ്റെടുത്താണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.









0 comments