വർഗീയതയോടും 
തീവ്രവാദത്തോടും 
വിട്ടുവീഴ്‌ച പാടില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 03:26 AM | 0 min read

തൃശൂർ > ജനങ്ങളുടെ ഒരുമയ്‌ക്കും ഐക്യത്തിനും വിഘാതമുണ്ടാക്കുന്ന വർഗീയ–- തീവ്രവാദ നിലപാടുകളോട്‌ പൊലീസ്‌ സേന വീട്ടുവീഴ്‌ച ചെയ്യാൻ പാടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയ കലാപങ്ങളില്ലാത്ത നാടായി കേരളം നിലകൊള്ളുകയാണ്‌. വർഗീയ സംഘർഷങ്ങളിൽ കടുത്ത നടപടികൾ  സ്വീകരിച്ച്‌ പൊലീസ്‌  സ്‌തുത്യർഹമായ പങ്ക്‌ വഹിച്ചു. ആ രീതി തുടരണമെന്നും കേരള പൊലീസ്‌ അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 31 എ ബാച്ചിലെ 141 സബ് ഇൻസ്പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡിൽ  അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.

കേരള പൊലീസ്‌ ലോകത്തെ മികച്ച  സേനകളിലൊന്നായി മാറി. തെളിയിക്കാൻ കഴിയില്ലെന്ന്‌ കരുതിയ പല കേസുകളിലും  പ്രതികളെ പിടികൂടി.  സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിലും  മികവാർന്ന  പ്രവർത്തനം കാഴ്‌ചവച്ചു. വലിയ വിഷമതകളും ദുരന്തങ്ങളുമുണ്ടാകുമ്പോള്‍ ആശ്രയിക്കാവുന്ന സേനയായി പൊലീസ് മാറി.  ഉന്നത വിദ്യാഭ്യാസമുള്ളവരടക്കം വന്നതോടെ സേനയ്ക്ക്‌ പുതിയ മുഖമായി.  എന്നാൽ സേനയിലെ ചിലരെ സമൂഹത്തിലെ തെറ്റായ പ്രവണതകൾ  സ്വാധീനിക്കുന്നുണ്ട്‌. അത്തരക്കാർക്കെതിരെ കർക്കശ നിലപാട്‌ സ്വീകരിക്കും. ജനങ്ങളാണ്‌ യജമാനന്മാർ എന്ന്‌ മനസ്സിലാക്കി മാതൃകാ പൊലീസുകാരായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home