സഹ. സംഘത്തിൽ ജോലി തട്ടിപ്പ്; പണം തിരികെ ചോദിക്കുന്നവര്‍ക്കെതിരെ കള്ളക്കേസും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 02:32 AM | 0 min read

പത്തനംതിട്ട
പന്തളം തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍​ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന എം എന്‍ വിശാഖ് കുമാര്‍ സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് തട്ടിപ്പിനിരയായവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ സഹ. ബാങ്ക് മുൻ ജീവനക്കാരനും കോണ്‍​ഗ്രസ് അനുകൂല സംഘടന ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹിയുമായിരുന്നു അടൂർ തട്ടയിൽ പൊങ്ങലടി മാക്കാടയ്യത്ത് എം എ വിശാഖ് കുമാർ. തട്ടയിൽ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലും (നമ്പർ പിടി 267) ജില്ലാ സഹ. ബാങ്കിലും ജോലി നൽകാമെന്ന് പറഞ്ഞാണ് പലരിൽ നിന്നും ലക്ഷങ്ങള്‍ വാങ്ങിയത്. വിശാഖ് കുമാറിന്റെ ഭാര്യ പി ആർ ശ്രീകല, അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം ജീവനക്കാരി ബീന രാജു എന്നിവര്‍ക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.പണം തിരികെ ചോദിക്കുന്ന പലർക്കും വണ്ടിച്ചെക്കാണ് നൽകുന്നത്. ഇതിന്റെ പേരിൽ വിശാഖ് കുമാറിനെ കോടതി ശിക്ഷിച്ചെങ്കിലും ജാമ്യത്തിൽ ഇറങ്ങി തട്ടിപ്പ് നടത്തി വരുന്നതായി വടശ്ശേരിക്കര സ്വദേശി ഫിലിപ്പോസ് വർഗീസ്, ശൂരനാട് സ്വദേശി കെ രാജൻ, തട്ട സ്വദേശി പി ബി വിനോദ്, പന്മന സ്വദേശി ശശിധരൻ നായർ, വളളിക്കോട് അമ്പാട്ട് ശ്രീലതാ ഹരികുമാർ, എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോലി വാ​ഗ്ദാനം നൽകി ഏഴ് ലക്ഷം മുതലാണ് വാങ്ങിയത്.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ഉള്ള വീടുകൾ കണ്ടെത്തി രക്ഷകർത്താക്കളുമായി ചങ്ങാത്തം കൂടിയാണ് മക്കൾക്ക് ജോലി വാഗ്ദാനം നൽകി പണം കൈക്കലാക്കുന്നതും സഹ. സംഘത്തില്‍ നിക്ഷേപിക്കാനെന്ന പേരില്‍ പണം വാങ്ങുന്നതും. സ്വര്‍ണ പണയം വയ്ക്കാനും നിരവധി പേരില്‍ നിന്ന് വാങ്ങി. എന്നാല്‍ ഇവ പണയം വച്ചതായി അറിവില്ല. പരാതിയുമായി വീട്ടിലെത്തുന്നര്‍ക്കെതിരെ പോക്സോ കേസ് നല്‍കുന്ന പതിവും നടക്കുന്നുവെന്ന് നിക്ഷേപകർ പറഞ്ഞു.
പണം തിരികെ ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും കള്ള കേസുകൾ കൊടുത്തു ഭയപ്പെടുത്തുകയുമാണ് ചെയ്യുന്നതൊന്നും നിക്ഷേപകരും വഞ്ചിക്കപ്പെട്ടവരും പറഞ്ഞു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വെള്ളിയാഴ്ച ജില്ലാ പൊലീസ് മേധാവിയെ കണ്ടും നിക്ഷേപകര്‍ പരാതി നൽകി.
 



deshabhimani section

Related News

View More
0 comments
Sort by

Home