പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

പാലക്കാട്> ദേശീയപാതയിൽ കണ്ണനൂർ ജങ്ഷനുസമീപം സ്വകാര്യ ബസ് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പെടെ 21 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ശനി പകൽ 1.15നായിരുന്നു അപകടം. പാലക്കാട്– പെരിങ്ങോട്ടുകുറുശി–--തിരുവില്വാമല റൂട്ടിലോടുന്ന ബസ് ആദ്യം മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിലും പിന്നീട് ഡിവൈഡറിലും ഇടിച്ചശേഷം എതിർ ട്രാക്കിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ ബസ് 50 മീറ്റർ നിരങ്ങിനീങ്ങി. സ്റ്റേഷൻ ഓഫീസർ ആർ ഹിതേഷിന്റെ നേതൃത്വത്തിൽ പാലക്കാട് അഗ്നിരക്ഷാസേനയും ടൗൺ സൗത്ത് ഇൻസ്‌പെക്ടർ എ ആദംഖാന്റെ നേതൃത്വത്തിൽ ടൗൺ സൗത്ത് പൊലീസും നാട്ടുകാരുംചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ എത്തിച്ച് ബസ് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ സൗത്ത് പൊലീസ് കേസെടുത്തു. മോട്ടോർ വാഹന വകുപ്പ് ഇവിടെ പരിശോധന നടത്തും.
Related News

0 comments