Deshabhimani

സ്‌ത്രീപക്ഷ നിലപാട്‌ ഉയർത്തുന്ന മേള

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 08:55 AM | 0 min read

സിനിമ വിനോദം മാത്രമല്ല. അതാത്‌ ദേശത്തിന്റെ, ഭാഷയുടെ, സംസ്‌കാരത്തിന്റെ, രാഷ്‌ട്രീയത്തിന്റെ, മനുഷ്യജീവിതത്തിന്റെ, അതിജീവന പോരാട്ടങ്ങളുടെ അടയാളപ്പെടുത്തലാണ്‌. 29–-ാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ തലസ്ഥാനത്ത്‌ തുടക്കമാകുമ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാനും ഫെസ്‌റ്റിവൽ ഡയറക്‌ടറുമായ പ്രേംകുമാർ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ സിനീയർ റിപ്പോർട്ടർ സുനീഷ് ജോയുമായി സംസാരിക്കുന്നു.

ഇത്തവണത്തെ മേളയുടെ 
തയ്യാറെടുപ്പ്‌ എങ്ങനെയായിരുന്നു ?

കേരള രാജ്യാന്തര ചലച്ചിത്രമേള 29–-ാമത്‌ പതിപ്പിൽ എത്തുമ്പോൾ ജനപങ്കാളിത്തത്തിൽ നമ്മൾ ഏറെമുന്നോട്ടുപോയി. ജനപങ്കാളിത്തത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ മേളയാണിത്‌. സിനിമയെ ഗൗരവമായി കാണുന്ന വലിയവിഭാഗം പ്രേക്ഷകരും ഇവിടെ എത്തുന്നു. ഈ വർഷവും മികച്ച ചലച്ചിത്രങ്ങളും പ്രശസ്‌തരായ ചലച്ചിത്ര പ്രതിഭകളെയും എത്തിക്കാനാണ്‌ ശ്രമിച്ചത്‌. കഴിഞ്ഞവർഷങ്ങളിലെ മാനദണ്ഡംതന്നെയാണ്‌ ഈവർഷവും സ്വീകരിച്ചത്‌. ഏറ്റവും നല്ലചിത്രങ്ങൾ, മറ്റുമേളകളിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ എന്നിവയൊക്കെയാണ്‌ പ്രേക്ഷകർക്ക്‌ മുന്നിൽ എത്തുക.
ചർച്ചയായ, ശ്രദ്ധിക്കപ്പെട്ട, നിരൂപക ശ്രദ്ധ നേടിയ ചിത്രങ്ങളാണ്‌ അന്താരാഷ്‌ട്ര മത്സരവിഭാഗത്തിലേക്ക്‌ തെരഞ്ഞെടുത്തത്‌. മാസങ്ങളെടുത്താണ്‌ ക്യുറേറ്ററായ ഗോൾഡ സെല്ലം പാക്കേജ്‌ തയ്യാറാക്കിയത്‌. കൃത്യമായി അരിച്ചെടുത്തതുപോലെയാണ്‌ ലോകമേളകളിൽ വന്ന ചിത്രങ്ങൾ തെരഞ്ഞെടുത്തത്‌.

മേളയുടെ പ്രത്യേകത 
എന്തൊക്കെയാണ്‌   ?

പൊതുസമൂഹം സിനിമയെക്കുറിച്ച്‌ ചർച്ചചെയ്യുന്ന കാലമാണിത്‌. പല വിഷയങ്ങൾ അതിലുണ്ട്‌. അതൊക്കെ അഡ്രസ്‌ ചെയ്യുന്ന നിലയിൽ ലോകസിനിമയിലെ സ്‌ത്രീ സാന്നിധ്യങ്ങളെ ആദരിക്കാനും അടയാളപ്പെടുത്താനുമുള്ള വേദിയായി മേള മാറും. ഇത്തവണ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരം നൽകുന്നത്‌ ആൻ ഹുയിക്കാണ്‌. ഹോങ്കോങ്ങിലെ ഏറ്റവും പ്രശസ്‌തയായ സംവിധായികയും നിർമാതാവുമാണ്‌. നിരവധി മേളകളിൽ അവരുടെ ചിത്രങ്ങൾക്ക്‌ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. സ്‌പിരിറ്റ്‌ ഓഫ്‌ സിനിമാ അവാർഡ്‌ പായൽ കപാഡിയയ്‌ക്കാണ്‌. അവർ പോരാട്ടത്തിന്റെ പ്രതീകംകൂടിയാണ്‌. സ്വതന്ത്രമായ കാഴ്‌ചപ്പാടോടെ സധൈര്യം സിനിമയെയും രാഷ്‌ട്രീയത്തെയും സമീപിക്കുന്ന ചലച്ചിത്രകാരി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലെ ഏറ്റവും ദീർഘമായ പ്രക്ഷോഭത്തിലെ മുൻനിരപ്പോരാളികളിൽ ഒരാളാണ്. 139 ദിവസം നീണ്ടുനിന്ന സമരത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്‌ത 35 വിദ്യാർഥികളിലൊരാളായിരുന്നു പായൽ. സമരത്തെ തുടർന്ന് പായലിന്റെ സ്‌കോളർഷിപ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്‌ റദ്ദാക്കിയിരുന്നു.

സമൂഹത്തിലെ അനീതികൾക്കെതിരെയും അസമത്വങ്ങൾക്കെതിരെയും സിനിമയെ പ്രതിരോധമാക്കിയ ചലച്ചിത്രപ്രതിഭകൾക്കുള്ള പുരസ്‌കാരമാണ്‌ സ്‌പിരിറ്റ്‌ ഓഫ്‌ സിനിമ അവാർഡ്‌. മേളയുടെ അന്താരാഷ്‌ട്ര ജൂറി ചെയർപേഴ്‌സണും വനിതയാണ്‌. ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദാണത്‌. ഫെസ്‌റ്റിവലിന്റെ ക്യുറേറ്ററും വനിതയാണ്‌. ഗോൾഡ സെല്ലം. മലയാളി സമൂഹം നൽകുന്ന ആദരവാണിത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെയും ചലച്ചിത്ര അക്കാദമിയുടെയും ഇടപെടൽ തിരിച്ചറിയപ്പെടും. 177 സിനിമ പ്രദർശിപ്പിക്കുന്നതിൽ 52 ചിത്രങ്ങൾ വനിതാസംവിധായകരുടേതാണ്‌. മലയാളം സിനിമാടുഡേയിൽ നാല്‌ സിനിമകൾ വനിതാസംവിധായകരുടേതാണ്‌. അതിൽ ഒരു സിനിമ അന്താരാഷ്‌ട്ര മത്സരവിഭാഗത്തിലുണ്ട്‌. സിനിമാലോകത്തെ സ്‌ത്രീ സാന്നിധ്യങ്ങൾക്ക് അംഗീകാരം നൽകുന്ന ഫീമെയിൽ ഗെയ്സ് എന്ന വിഭാഗം മറ്റൊരു പ്രത്യേകതയാണ്. ഇതിൽ ഏഴു ചിത്രങ്ങൾ പ്രദർശിപ്പിക്കും.

പഴയകാല വനിതാചലച്ചിത്രതാരങ്ങളെ ആദരിക്കുന്ന 
ചടങ്ങുകൂടിയുണ്ടല്ലോ ?

മലയാള സിനിമയ്‌ക്ക്‌ മികച്ച സംഭാവന നൽകിയിട്ടുള്ള 21 വനിതാ അഭിനേതാക്കളെ മേള ആദരിക്കും. മലയാള സിനിമയുടെ ശൈശവദശ മുതൽ എൺപതുകളുടെ തുടക്കംവരെ തിരശ്ശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ ‘മറക്കില്ലൊരിക്കലും' എന്ന പേരിലാണ്‌ ആദരിക്കുന്നത്‌. നിരവധിപേരെ സമീപിച്ചിരുന്നെങ്കിലും പ്രായാധിക്യത്തിന്റേതും മറ്റുമായി അസൗകര്യം അറിയിച്ചിരുന്നു. അങ്ങനെയാണ്‌ എണ്ണം ചുരുങ്ങിയത്‌. എങ്കിലും കഴിയുന്നത്ര പേരെ ഉൾപ്പെടുത്തി. മാനവീയം വീഥിയിൽ വലിയ പരിപാടിയായിട്ടാണ്‌ അത്‌ സംഘടിപ്പിക്കുന്നത്‌. ചലച്ചിത്രകലയിലെ സ്‌ത്രീസാന്നിധ്യത്തിന് ഈ വർഷത്തെ മേള നൽകുന്ന പ്രാമുഖ്യത്തിന്റെ അടയാളംകൂടിയാണിത്. തുടർന്ന് ഇവരുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതപരിപാടിയും ഉണ്ടാകും.

25 വർഷം പിന്നിടുന്ന
ചലച്ചിത്ര അക്കാദമിയിൽ ആദ്യമായാണ്‌ പൂർണമായും നടനായ ഒരാൾ 
ചെയർമാനാകുന്നത്‌ ?

ചലച്ചിത്ര പ്രവർത്തകൻ എന്നാണ്‌ ഞാൻ എന്നെ വിശേഷിപ്പിക്കുന്നത്‌. കുറച്ചൊക്കെ എഴുതാറുണ്ട്‌. ലേഖനങ്ങളുടെ സമാഹാരം ദൈവത്തിന്റെ അവകാശികൾ എന്ന പേരിൽ ഡിസി ബുക്‌സ്‌ പ്രസിദ്ധീകരിച്ചിരുന്നു. അത്‌ അഞ്ചാംപതിപ്പിലേക്ക്‌ കടന്നു.
നല്ലൊരു ടീമാണ്‌ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്‌. ഓരോ മേളയും ടീമിന്റെ വിജയമായിട്ടാണ്‌ കാണുന്നത്‌. വ്യക്തികൾക്ക്‌ അത്ഭുതങ്ങൾ കാണിക്കാൻ കഴിയില്ല. ആദ്യഘട്ടംമുതൽ കൃത്യമായ രീതിയിലാണ്‌ പ്രവർത്തിക്കുന്നത്‌. ഞാൻ അതിന്റെ മുന്നിൽ നിൽക്കുന്നു എന്നുമാത്രം. കൃത്യമായി ചലിക്കുന്ന ഒരുസംവിധാനമുള്ളതിനാൽ ടെൻഷനൊന്നുമില്ല.

ഭാവി പ്രവർത്തനങ്ങൾ ?

 മുൻവർഷങ്ങളിൽ ചെയ്‌തുവരുന്ന നിരവധി കാര്യങ്ങളുണ്ട്‌. അത്‌ തുടരും. അക്കാദമിക്‌ രംഗത്ത്‌ നിരവധി കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്‌. ശ്രദ്ധ പതിപ്പിച്ചുള്ള ചില നീക്കങ്ങൾ ഉണ്ടാകും.
 



deshabhimani section

Related News

0 comments
Sort by

Home