കാർഷികമേഖലയിൽ പുത്തൻ ഉണർവേകാൻ ‘സമ്പൂർണ പച്ചക്കറിയജ്ഞം’

കൊച്ചി
കൃഷിവകുപ്പ് സംസ്ഥാനത്തൊട്ടാകെ 2025 ജനുവരിയിൽ ആരംഭിക്കുന്ന സമ്പൂർണ പച്ചക്കറിയജ്ഞം പദ്ധതിയിലൂടെ അഞ്ചുവർഷത്തിനുള്ളിൽ കേരളം പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തമാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ മേഖലാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിസമൃദ്ധി പദ്ധതിയും സമഗ്ര പച്ചക്കറി കൃഷിയും കാർഷികമേഖലയ്ക്ക് പുത്തൻ ഉണർവാകും. കൃഷിസമൃദ്ധി പദ്ധതി എല്ലാ പഞ്ചായത്തിലും വ്യാപിപ്പിക്കും. കാർഷികമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കേരപദ്ധതിയിൽ 2365 കോടി രൂപ ലോകബാങ്ക് സഹായത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. 1980നുശേഷം ആദ്യമായാണ് കേരളത്തിൽ കൃഷിവകുപ്പിന് ഇത്ര ബൃഹത്തായ പദ്ധതി ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കർഷക ഗ്രാമസഭകൾക്കും തദ്ദേശവകുപ്പിൽനിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. നവോ-ധൻ പദ്ധതിയിലൂടെ ലഭ്യമായ മുഴുവൻ ഇടവും കൃഷിയോഗ്യമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണം, ചെറുപ്പക്കാരെയും വിദ്യാർഥികളെയും കാർഷികമേഖലയിലെ പദ്ധതികളിൽ പങ്കാളികളാക്കാനാകണം. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നവീന ആശയങ്ങളിലൂടെ കൃഷിവികസനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
കൃഷിവകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, തോമസ് സാമുവൽ, ടി ഡി മീന, ബിൻസി എബ്രഹാം, ബീനമോൾ ആന്റണി, അനിത ജയിംസ്, സാബിർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.









0 comments