തെരുവിൽ തല്ല് തീരുന്നില്ല ; അന്വേഷിക്കാൻ കെപിസിസി സംഘം

കണ്ണൂർ
മാടായി കോളേജിലെ നിയമനത്തർക്കത്തിലെ തമ്മിലടി അടങ്ങുന്നില്ല. വ്യാഴാഴ്‌ചയും എം കെ രാഘവൻ എംപിയെ അധിക്ഷേപിച്ച് പയ്യന്നൂർ കോൺഗ്രസ് ഓഫീസിൽ പോസ്‌റ്റർ പതിച്ചു. ബുധനാഴ്‌ച പയ്യന്നൂരിലും പഴയങ്ങാടിയിലും എം കെ രാഘവനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലടിച്ചിരുന്നു. ഇത് പരിശോധിക്കാൻ കെപിസിസി നിയോഗിച്ച സമിതി വെള്ളിയാഴ്‌ച കണ്ണൂരിലെത്തും. തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയാണ് അന്വേഷിക്കുന്നത്.
പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ജയരാജിനെ കൈയേറ്റം ചെയ്‌തവർക്കെതിരെ നടപടിയെടുക്കാത്തതിൽ അമർഷം പുകയുന്നുണ്ട്. കൈയേറ്റം തടയാൻ ശ്രമിച്ച കെഎസ്‌യു നേതാവ് ആകാശ് ഭാസ്‌കറിനും മർദനമേറ്റിരുന്നു. എം കെ രാഘവന്റെ വീട്ടിലേക്ക് പ്രകടനം നടത്തി കോലം കത്തിച്ചതിന് സംഘടനാ നടപടിയെടുത്തവരുമായി ബുധനാഴ്‌ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. രാഘവനെതിരായ നീക്കങ്ങൾക്ക് സുധാകരന്റെയും ഡിസിസിയുടെയും മൗനാനുവാദമുണ്ടെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. എ ഗ്രൂപ്പും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും എം കെ രാഘവന്റെ നിലപാടിനൊപ്പമാണ്.
മാടായി കോളേജ് ഡയറക്ടർ ബോർഡംഗങ്ങളായ അഞ്ചുപേരെ വിവാദമുണ്ടായ ദിവസം പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കിയിരുന്നു. ബുധനാഴ്‌ച കണ്ണൂരിലെത്തുന്ന മൂന്നംഗസമിതിക്കുമുമ്പാകെ ഹാജരാകാൻ ഇവർക്ക് അറിയിപ്പ് ലഭിച്ചിട്ടുമില്ല. നിയമനകാര്യത്തിൽ പിറകോട്ടില്ലെന്ന് എം കെ രാഘവൻ നേരത്തേ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെപിസിസി സമിതിക്ക് പ്രശ്‌നപരിഹാരം കീറാമുട്ടിയാകും.









0 comments