Deshabhimani

മാലിന്യമുക്ത നവകേരളം: പഞ്ചായത്ത്തല എന്‍ഫോഴ്‌സ്‌മെന്റ് കാര്യക്ഷമമാക്കണം- എം ബി രാജേഷ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 06:29 PM | 0 min read

കൽപറ്റ > മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപന പരിധികളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ  ഇടപെടല്‍ നടത്തുന്നതിന് പഞ്ചായത്ത്തല എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കളക്ടറേറ്റിലെ എപിജെ ഹാളില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യമുക്ത നവ കേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആഴ്ചയിലൊരിക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയില്‍  അവലോകന യോഗം നടത്തണമെന്നും മന്ത്രി അറിയിച്ചു.

മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കൃത്യമായി പിഴ ഈടാക്കണം. പിഴ ഒടുക്കുന്നത്തില്‍  സ്വാധീനം ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ അത് തടയണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 1000 കോടിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ പ്രവര്‍ത്തനം 2025 ഏപ്രിലോടെ പൂര്‍ത്തീകരിക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരം ത്രിതലപഞ്ചായത്തിന്റെ അധീനതയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്താല്‍ ബോര്‍ഡ് നീക്കം ചെയ്തവരില്‍ നിന്നും 5000 രൂപ പഞ്ചായത്ത് സെക്രട്ടറിക്ക് ഈടാക്കാമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രാധാന്യത്തോടെ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ത്രിതല പഞ്ചായത്തുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒഴിവുകളുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ താത്ക്കാലിക നിയമനം നടത്തി ഒഴിവ് നികത്തണം.  ലൈഫ് ഭവനനിര്‍മ്മാണ പദ്ധതിയിലെ ഗുണഭോക്കാക്കളെ കണ്ടെത്തുമ്പോള്‍ അതിദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം. വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഒക്ടോബര്‍ മാസത്തില്‍ ജില്ലയില്‍ നടത്തിയ ജില്ലാതല അദാലത്തിലെ പരാതികള്‍ സംബന്ധിച്ച് മന്ത്രി അവലോകനം ചെയ്തു. ലഭിച്ച പരാതികളില്‍ രണ്ട് പരാതികള്‍ മാത്രമാണ് ഇനി തീര്‍പ്പാക്കാനുള്ളത്. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശീറാം സാംബശിവ റാവു, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ടി വി അനുപമ, അസിസ്റ്റന്റ് കളക്ടര്‍ എസ് ഗൗതംരാജ്, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

0 comments
Sort by

Home