ഐഎഫ്എഫ്കെ: മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരമർപ്പിച്ച് വ്യാഴാഴ്‌ച സ്‌മൃതിദീപ പ്രയാണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 11:33 PM | 0 min read

തിരുവനന്തപുരം > കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ  ഭാഗമായി  മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരമർപ്പിച്ച് വ്യാഴാഴ്ച സ്‌മൃതിദീപ പ്രയാണം സംഘടിപ്പിക്കും. രാവിലെ 10ന് നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന സ്മൃതിദീപ പ്രയാണം വൈകിട്ട് ആറിന് മാനവീയം വീഥിയിൽ എത്തിച്ചേരും. ചലച്ചിത്ര പ്രതിഭകളായ ജെ സി ഡാനിയേൽ, പി കെ റോസി, പ്രേംനസീർ, സത്യൻ, നെയ്യാറ്റിൻകര കോമളം എന്നിവരുടെ സ്‌മൃതി മണ്ഡപങ്ങളിലും ചരിത്ര പ്രസിദ്ധമായ മെറിലാൻഡ് സ്റ്റുഡിയോയിലും ആദരമർപ്പിച്ചാകും പ്രയാണം.

നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിൽ കെ ആൻസലൻ എംഎൽഎ സ്മൃതി ദീപ പ്രയാണം ഉദ്ഘാടനം ചെയ്യും. തുടർന്ന് വിഖ്യാത ചലച്ചിത്രകാരൻ ജെ സി ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ സ്‌മൃതിദീപം ആദ്യ അത്‌ലറ്റിന് കൈമാറും. നെയ്യാറ്റിൻകര മുനിസിപ്പല്‍ ചെയർമാൻ പി കെ രാജ്‌മോഹൻ ചടങ്ങിന് ആശംസകളർപ്പിക്കും. 12 കിലോമീറ്റർ സഞ്ചരിച്ച് വഴുതൂരിൽ എത്തിച്ചേരുന്ന സ്‌മൃതിദീപം നടി നെയ്യാറ്റിൻകര കോമളത്തിന്റെ കുടുംബത്തിന് കൈമാറും. തുടർന്ന് മെറിലാൻഡ് സ്റ്റുഡിയോയിൽ എത്തിച്ചേരും. അനവധി ചലച്ചിത്ര പ്രതിഭകളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത മെറിലാൻഡ് സ്റ്റുഡിയോയുടെ ചരിത്ര പ്രാധാന്യത്തിനുള്ള ആദരവായി പരിപാടി മാറും.

വട്ടിയൂർക്കാവിൽ എത്തിച്ചേരുന്ന പ്രയാണം മലയാളത്തിന്റെ  ആദ്യ ചലച്ചിത്രനായിക പി കെ റോസിയുടെ ഓർമകൾക്ക് ആദരമർപ്പിക്കും. പി കെ റോസിയുടെ കുടുംബവും പി കെ റോസി ഫൗണ്ടേഷൻ അംഗങ്ങളും ചേർന്ന് സ്‌മൃതിദീപം ഏറ്റുവാങ്ങും. തുടർന്ന് പാളയം എൽഎംഎസ്  കോമ്പൗണ്ടിൽ നടക്കുന്ന പരിപാടിയിൽ നടൻ സത്യന്റെ മകൻ ജീവൻ സത്യന്റെ സാന്നിധ്യത്തിൽ ദീപം അടുത്ത അത്ലറ്റിന് കൈമാറും. വൈകിട്ട് ആറിന്‌ മാനവീയം വീഥിയിലെ മലയാളത്തിന്റെ  പ്രിയ ഗാനരചയിതാവും കവിയും സംവിധായകനുമായ പി ഭാസ്കരന്റെ പ്രതിമയ്ക്കുമുന്നിൽ പ്രയാണം സമാപിക്കും. സമാപനച്ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ എന്നിവരും അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുക്കും.



Tags
deshabhimani section

Related News

0 comments
Sort by

Home