തൊഴിലിടങ്ങളിലെ മാനസികസമ്മർദം; ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുമെന്ന് യുവജന കമീഷൻ

തിരുവനന്തപുരം> തൊഴിലിടങ്ങളിൽ യുവജനത നേരിടുന്ന സമ്മർദ്ദത്തെ തുടർന്നുള്ള മാനസിക പ്രശ്‌നങ്ങളും ആത്മഹത്യാ പ്രവണതയും ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുമെന്ന് സംസ്ഥാന യുവജന കമീഷൻ ചെയർമാൻ എം ഷാജർ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനതയുടെ പ്രധാന വിഷയങ്ങൾ പഠിക്കുക, തൊഴിൽ മേഖലയിൽ നേരിടുന്ന സമർദ്ദം ലഘൂകരിക്കുകയാണ് പഠന ലക്ഷ്യം. ഐടി, ടെക്സ്റ്റയിൽസ് തുടങ്ങി വിവിധങ്ങളായ മേഖലകൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തുക. അഞ്ചംഗ വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ എം.എസ്.ഡബ്ല്യൂ, സൈക്കോളജി വിദ്യാർത്ഥികൾ പഠനത്തിന്റെ ഭാഗമായി വിവരങ്ങൾ ക്രോഡീകരിക്കും. 2025 മാർച്ച്- ഏപ്രിലോടെ പഠനം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്മീഷന്റെ നേതൃത്വത്തിൽ യുവജനതയുടെ മാനസിക- ആരോഗ്യ മേഖല സംബന്ധിച്ച് നടത്തിയ ഒന്നാംഘട്ട പഠന റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് വർഷത്തിനകം നടന്ന 895 ആത്മഹത്യാകേസുകളാണ് പഠനത്തിന് വിധേയമാക്കിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഇരുന്നൂറോളം എംഎസ്ഡബ്ല്യൂ വിദ്യാർഥികളാണ് പഠനത്തിന്റെ ഭാഗമായി പ്രവർത്തിച്ചത്. വിദേശ രാജ്യങ്ങളിൽ ജോലിക്കും പഠന സംബന്ധമായി പോകുന്നവർ വിവിധ സ്ഥാപനങ്ങൾക്ക് നിയമ വശങ്ങളറിയാതെ പണം നൽകി വഞ്ചിതരാവുന്ന പരാതികൾ കൂടിവരുകയാണ്. വിദേശത്ത് പോകുന്നവരും രക്ഷിതാക്കളും സ്ഥാപനങ്ങൾക്ക് പണം നൽകുമ്പോൾ ജാഗ്രതപാലിക്കണമെന്നും എം ഷാജർ അറിയിച്ചു.
യുവജനങ്ങളുടെ അവകാശ നിക്ഷേധം, വിദ്യാഭ്യാസം, വിദ്യാഭ്യാസ-ബാങ്ക് വായ്പ, പോലീസ്,തൊഴിൽ സ്ഥാപങ്ങൾക്കെതിരെ, പിഎസ്‍സി റാങ്ക് ജേതാക്കളുടെ പരാതികൾ ഉൾപ്പെടെ 19 പരാതികൾ ജില്ലാതല അദാലത്തിൽ പരിഗണിച്ചു. എട്ട് പരാതികൾ തീർപ്പാക്കി. 11 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. സംസ്ഥാന യുവജന കമ്മീഷൻ ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ കെ റഫീഖ്, പി സി ഷൈജു, പി അനിഷ, പി പി രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ, അസിസ്റ്റന്റ് പി അഭിഷേക് എന്നിവർ പങ്കെടുത്തു.









0 comments