Deshabhimani

കേന്ദ്ര അവ​ഗണന: കോൺഗ്രസോ ബിജെപിയോ ഒരക്ഷരം പോലും മിണ്ടുന്നില്ല- മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 06:49 PM | 0 min read

തിരുവനന്തപുരം> കേരളത്തെ ബോധപൂർവം ശിക്ഷിക്കുന്നതിനുള്ള നടപടികളാണ്‌ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇവിടുത്തെ കോൺഗ്രസോ ബിജെപിയോ ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സംഘടനയായ ‘സ്‌പാറ്റോ’യുടെ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുള്ള വലിയ പ്രകൃതി ദുരന്തങ്ങളുടെ ഭാഗമായി മറ്റെല്ലാ സംസ്ഥാനങ്ങൾക്കും അടിയന്തരമായി തന്നെയുള്ള സഹായം കേന്ദ്രസർക്കാർ അനുവദിച്ചു. എന്നാൽ കേരളത്തോട് കേന്ദ്രസർക്കാർ കടുത്ത അവഗണനയാണ് കാണിക്കുന്നത്. വലതുപക്ഷത്തിന്റെയും ബിജെപിയുടെയും നയങ്ങൾ കേരളം സ്വീകരിക്കുന്നില്ല എന്നതിന്റെ ശിക്ഷ എന്ന മട്ടിലാണ് കേരളത്തോട് കേന്ദ്രം പെരുമാറുന്നത്. കേന്ദ്ര അവഗണനയ്ക്കും സാമ്പത്തിക നിയന്ത്രണങ്ങൾക്കും എതിരെ ശക്തമായ പോരാട്ടം ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ- യെച്ചൂരി നഗറിൽ  (എകെജി സെന്റർ ഹാൾ) നടക്കുന്ന സമ്മേളനത്തിൽ സ്പാറ്റോ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി സുധാകരൻ പതാക ഉയർത്തി. സ്‌പാട്ടൊ സംസ്ഥാന പ്രസിഡന്റ് വി സി ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പാറ്റൊ മുൻ സംസ്ഥാനകമ്മിറ്റി അംഗങ്ങളെ മുൻ ആരോഗ്യമന്ത്രി  പി കെ ശ്രീമതി ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. ജോയി എംഎൽഎ സ്വാഗതം പറഞ്ഞു. വിവിധ സർവീസ് സംഘടനാ നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ജെ സി ഡാനിയേൽ അവാർഡ് ജേതാവ് പ്രശസ്ത സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ കരുണിനെ സമ്മേളനത്തിൽ ആദരിച്ചു.

ഉച്ചയ്ക്ക് ആരംഭിച്ച  പ്രതിനിധി സമ്മേളനം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക സ്ഥാപനങ്ങളിലെ ഭരണ നിർവ്വഹണം എന്ന വിഷയത്തിൽ മന്ത്രി സജി ചെറിയാൻ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ അഞ്ഞൂറിലേറെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സ്പാറ്റൊയുടെ രജതജൂബിലി സമ്മേളനം കൂടിയാണിത്. സമ്മേളനത്തോടനുബന്ധിച്ച് വിവിധങ്ങളായ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. സമ്മേളനം നാളെ സമാപിക്കും.



deshabhimani section

Related News

0 comments
Sort by

Home