നീതി ഉറപ്പെന്ന മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വാസം: പാത്രിയർക്കീസ്‌ ബാവാ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 12:25 AM | 0 min read


പുത്തൻകുരിശ്
യാക്കോബായ സഭയുടെ അസ്‌തിത്വം നിലനിർത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കുന്നതായി ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40–-ാം ഓർമദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാതോലിക്കാ ബാവായുടെ പൗരോഹിത്യ സുവർണജൂബിലി ആഘോഷത്തിലും തുടർന്ന് അദ്ദേഹത്തിന് അനുശോചനം അർപ്പിക്കാൻ എത്തിയപ്പോഴും മുഖ്യമന്ത്രി ഈ ഉറപ്പ് നൽകിയിരുന്നു. നീതി നിഷേധിക്കപ്പെട്ട ജനതയ്‌ക്ക് നീതി ലഭിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ  വാക്കിലൂടെ താൻ ഉറച്ച് വിശ്വസിക്കുന്നത്‌. വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയിൽ വിവിധ വിഭാഗങ്ങൾ  സഹിഷ്ണുതയോടെയാണ് മുന്നോട്ടുപോകുന്നത്. എക്കാലവും അത് നിലനിർത്താൻ ബന്ധപ്പെട്ടവർ പരിശ്രമിക്കണമെന്നും പാത്രിയർക്കീസ് ബാവാ പറഞ്ഞു. 

മലങ്കര മെത്രാപോലീത്ത ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് അധ്യക്ഷനായി. വ്യവസായി എം എ യൂസഫലി മുഖ്യാതിഥിയായി. ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ പി വി ശ്രീനിജിൻ, അനൂപ് ജേക്കബ്‌, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം ജോൺ, സഭാ വൈദിക ട്രസ്റ്റി ഫാ. ജോർജ് കട്ടച്ചിറ, ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി മാത്യു എന്നിവരും സഭാ മെത്രാപോലീത്തമാരും പങ്കെടുത്തു.

പാത്രിയർക്കാ സെന്റർ പുറത്തിറക്കുന്ന ‘മലങ്കരയുടെ യാക്കോബ് ബുർദാന’ സ്മരണിക പാത്രിയർക്കീസ് ബാവാ യൂസഫലിക്ക് നൽകി പ്രകാശിപ്പിച്ചു. കാതോലിക്കാ ബാവായുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും ചരിത്രവും ഉൾക്കൊള്ളിച്ചുള്ള ഡിജിറ്റൽ മ്യൂസിയത്തിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ചു. സഭാതർക്കത്തിൽ പള്ളി നഷ്ടപ്പെട്ട 11 ഇടവകകൾക്ക് കാതോലിക്കാ ബാവായുടെ വിൽപ്പത്രത്തിലെ ആഗ്രഹപ്രകാരം ഓരോ ലക്ഷം രൂപയും വിതരണം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home