ട്രാൻസ്ജെൻഡർ യുവതിയുടെ പരാതി: ഡിവൈഎസ്‍പിയെ വിളിച്ചുവരുത്താൻ ഉത്തരവിട്ട് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം> ഒറ്റയ്ക്ക് താമസിക്കുന്ന ട്രാൻസ്ജെൻഡർ യുവതി വീടുവയ്ക്കുന്നതിനായി സൂക്ഷിച്ചിരുന്ന കരിങ്കല്ലും ചുടുകട്ടയും മോഷ്ടിച്ചിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയോ നിയമാനുസൃതം അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന പരാതിയിൽ ആറ്റിങ്ങൽ ഡിവൈഎസ്‍പിയെ വിളിച്ചുവരുത്താൻ മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ജനുവരി 16ന് ഡിവൈഎസ്‍പി കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായില്ലെങ്കിൽ വാറണ്ട് അയക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് കമീഷൻ തിരുവനന്തപുരം റേഞ്ച് ഐജിക്കും തിരുവനന്തപുരം റൂറൽ എസ്പിക്കും നിർദ്ദേശം നൽകി. ഡിവൈഎസ്‍പിയുടെ ഹാജർ ഐജി ഉറപ്പാക്കണം.
കിളിമാനൂർ കാനാറ സ്വദേശിയായ ട്രാൻസ്ജെൻഡർ ഇന്ദിരയുടെ പരാതിയിൽ അന്വേഷണം നടത്താനും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും ഇക്കഴിഞ്ഞ സെപ്തംബർ 30ന് ആറ്റിങ്ങൽ ഡിവൈഎസ്‍പി ക്ക് കമീഷൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് നൽകുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ല. ഭിന്നലിംഗക്കാർ മനുഷ്യരാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 21 ൽ അനുശാസിക്കുന്ന അന്തസോടെ ജീവിക്കാനുള്ള മൗലികാവകാശം അവർക്കുണ്ടെന്നും പൊലീസ് മനസിലാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.









0 comments