രാജ്യത്ത് ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമെ കാര്യങ്ങള്‍ നടപ്പിലാക്കു: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്

ന്യൂഡല്‍ഹി> രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമെ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂവെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്.യൂണിഫോം സിവില്‍കോഡ് എന്നത് കേവലം വിഎച്ച്പിയോ ആര്‍എസ്എസോ അല്ലെങ്കില്‍ ഹിന്ദുമതമോ ആവശ്യപ്പെടുന്ന കാര്യമല്ലെന്നും മറിച്ച് രാജ്യത്തെ പരമോന്നത കോടതി വരെ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം യൂണിഫോം സിവില്‍കോഡ് എത്രയും പെട്ടെന്ന് കൊണ്ടുവരുമെന്ന് സെമിനാര്‍ വേദിയില്‍വെച്ച് പ്രതിജ്ഞ ചെയ്തു.
വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ 'ഏകീകൃത സിവില്‍ കോഡിന്റെ ഭരണഘടനാപരമായ ആവശ്യകത'എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ഇക്കാര്യം പറഞ്ഞത്.
ഹിന്ദുമതത്തിനുള്ളില്‍ തൊട്ടുകൂടായ്മ, സതി, ജൗഹര്‍ തുടങ്ങിയ ആചാരങ്ങള്‍ നിര്‍ത്തലാക്കിയെന്ന് പറഞ്ഞ യാദവ് എന്നാല്‍ മുസ്ലിം സമുദായത്തില്‍ ഇപ്പോഴും ഒന്നിലധികം ഭാര്യമാരുള്ള ആചാരം അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
'ഹിന്ദു സമൂഹം നിരവധി മോശം ആചാരങ്ങളില്‍ നിന്ന് മുക്തി നേടി. അതിനാല്‍ എല്ലാ മതങ്ങളും ചീത്ത ദുരാചാരങ്ങള്‍ സ്വയം ഒഴിവാക്കണം. അല്ലാത്തപക്ഷം രാജ്യം എല്ലാ പൗരന്മാര്‍ക്കും ഒരു പൊതു നിയമം കൊണ്ടുവരും.
അതേസമയം ഇദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണുയരുന്നത്.









0 comments