തല അനക്കിയാല്‍ ചലിക്കും വീല്‍ചെയര്‍ , കൂട്ടിനൊരു സായ ; നിര്‍മിത ബുദ്ധിയെ പഠിക്കുന്ന വേദികള്‍

നിര്‍മിത ബുദ്ധിയെ പഠിക്കുന്ന വേദികള്‍
നിർമിതബുദ്ധിയുടെ അനന്തസാധ്യതകളെ പരിചയപ്പെടുത്തി ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ദ ഫ്യൂച്ചർ ഓഫ് എഡ്യൂക്കേഷൻ -അന്തർദേശീയ സമ്മേളനത്തിന് തുടക്കമായി. നിശാഗന്ധിയിൽ നടന്ന സാങ്കേതിക സെഷനിൽ പ്രൊഫ. കണ്ണൻ എം മൗഡ്ഗല്യ, പ്രൊഫ. കെ വി എസ് ഹരി, ആൽഡ്രിൻ ജെൻസൺ, ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്, ഡോ. ഡേവിഡ് നടരാജൻ, ഡോ. അരുൺ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
കനകക്കുന്ന് കൊട്ടാരത്തിലെ വേദിയിൽ നിർമിത ബുദ്ധിയും നീതിന്യായ വ്യവസ്ഥിതിയും എന്ന സെഷനിൽ ഹൈക്കോടതി ജസ്റ്റിസ് വി ജി അരുൺ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിയമവകുപ്പ് സെക്രട്ടറി വി ജി സനൽകുമാർ, അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജ് പ്രസൂൺ മോഹൻ എന്നിവർ ചർച്ചയുടെ ഭാഗമായി.
മാധ്യമപ്രവർത്തനത്തിലെ നിർമിത ബുദ്ധിയുടെ സാങ്കേതികവശങ്ങൾ വിശദീകരിക്കുന്ന അവതരണം എഐ വിദഗ്ധൻ സുനിൽ പ്രഭാകർ നടത്തി. നിർമിതബുദ്ധിയും മാധ്യമങ്ങളും എന്ന സെഷനിൽ മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ദീപു രവി, ശ്രേയാംസ് കുമാർ, സിന്ധു സൂര്യകുമാർ, ജോണി ലൂക്കോസ് എന്നിവർ സംസാരിച്ചു.
തല അനക്കിയാല്‍
ചലിക്കും വീല്‍ചെയര്‍
തല അനക്കിയാൽ ആ ഭാഗത്തേക്ക് നീങ്ങുന്ന വീൽചെയർ. മറ്റൊരാളുടെ സഹായമില്ലാതെ ഭിന്നശേഷിക്കാരന് സ്വന്തമായി ചലിപ്പിക്കാമെന്നതാണ് കൊല്ലം യൂനസ് കോളേജ് ഓഫ് എൻജിനിയറിങ്ങിലെ വിദ്യാർഥികളുടെ ഈ കണ്ടുപിടിത്തം. വൈദ്യുത മോട്ടോറിന്റെ സഹായത്തിൽ പ്രവർത്തിക്കുന്ന ഹെഡ് മൂവ്മെന്റ് കൺട്രോൾ (ജെസ്‌ചർ കൺട്രോൾ) വീൽചെയർ ചലനവൈകല്യമുള്ളവരെ പരിഗണിച്ച് തയ്യാറാക്കിയതാണ്. തലയുടെ ചലനത്തിന് അനുസരിച്ച് വീൽചെയറിന് സിഗ്നൽ ലഭിക്കും. മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കുമുള്ള തലയനക്കത്തിന് അനുസരിച്ച് നീങ്ങും. വീൽചെയർ നിർത്തണമെങ്കിൽ തല അനക്കാതെയിരുന്നാലും മതിയാകും.
കോളേജിലെ നാലാംവർഷ വിദ്യാർഥികളായിരുന്ന പി എസ് ആദിത്യ, എസ് ആംസ്ട്രോങ്, അനന്തകൃഷ്ണൻ എന്നിവരാണ് നിർമാതാക്കൾ. ബിരുദപഠനം പൂർത്തിയാക്കിയെങ്കിലും വീൽചെയറിന്റെ അടുത്തഘട്ടത്തിന്റെ കാര്യം ഇവർ മറന്നിട്ടില്ല. ഹെഡ്ബാൻഡ് ഉപയോഗിച്ച് കണ്ണിന്റെ ചലനങ്ങൾക്ക് അനുസരിച്ച് നിയന്ത്രിക്കാവുന്ന വീൽചെയറിന്റെ പണിപ്പുരയിലാണ് സംഘം.
കൂട്ടിനൊരു സായ
ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ കുഞ്ഞപ്പനെപ്പോലെയൊരു കൂട്ട് ആരാണ് ആഗ്രഹിക്കാത്തത്. പത്രവായനമുതൽ ചായയുണ്ടാക്കൽവരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്ന കുഞ്ഞപ്പനെപ്പോലൊരു റോബോട്ട്. കുഞ്ഞപ്പന്റെ ചെറിയൊരു പതിപ്പാണ് നമ്മടെ സായാ ബോട്ട്. കണ്ടാലുടനെ കൈയുയർത്തി കാണിച്ചൊരു അഭിവാദനം. പിന്നെ വാതോരാതെ സംസാരിച്ച് തുടങ്ങുന്ന സായ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം നൽകും. ചാർജ് തീർന്നാൽ പ്ലഗ് പോയിന്റ് തനിയെ കണ്ടെത്തി ചാർജിങ്ങും നടത്തും. റോബോട്ടിക് മുഖമുള്ള സായയെ കൂടാതെ പച്ച പട്ടുപാവടയുടുത്ത സിലിക്കൺ മുഖമുള്ള മറ്റൊരു സായയും കനകക്കുന്നിലെ റോബോട്ടിക്‌സ് എക്‌സ്‌പോയിലുണ്ട്. കണ്ണുകൾ ചിമ്മുകയും ചുണ്ടനക്കി സംസാരിക്കുകയും ചെയ്യമെന്നതാണ് പുതിയ സായയുടെ പ്രത്യേകത. കളമശേരി സ്റ്റാർട്ടപ് വില്ലേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന അസിമോവ് റോബട്ടിക്‌സാണ് ഹ്യൂമനോയിഡ് റോബോട്ടായ സായാ ബോട്ടിനു പിന്നിൽ.
ആശുപത്രി, സ്‌കൂൾ തുടങ്ങിയ ഇടങ്ങളിൽ സായയുടെ സേവനം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ടെന്ന് അസിമോവ് റോബോട്ടിക്സ് ഓപ്പറേഷൻസ് ഹെഡ് കെ യു ഗായത്രി പറഞ്ഞു. സായയുടെ സേവനം ആവശ്യമുള്ള സ്ഥലത്തിന് അനുസരിച്ചുള്ള സ്വഭാവരീതികൾ ഡിസൈൻ ചെയ്തെടുക്കാം. അതേപോലെ വഴികാട്ടിയെന്ന ഫീച്ചറിന്റെ ഭാഗമായി മാപ്പും സെറ്റ് ചെയ്യാം. നിലവിൽ ഇംഗ്ലീഷും ഹിന്ദിയുമാണ് സായയുടെ ഭാഷ. അടുത്ത വേർഷനായിട്ട് മനുഷ്യരെപ്പോലെതന്നെ പെരുമാറുന്ന റോബോട്ടുകളെ വികസിപ്പിച്ചുവരികയാണെന്ന് ഗായത്രി പറഞ്ഞു.









0 comments