ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്‌ ; കർമശേഷിയും
 കരുതലും കരുത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 11:40 PM | 0 min read


പുത്തൻകുരിശ്‌
യാക്കോബായ സഭയുടെ പുതിയ കാതോലിക്കാ ബാവയായ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്‌ കർമശേഷിയും വേദശാസ്ത്രത്തിലെ വൈഭവവുംകൊണ്ട്‌ ശ്രദ്ധേയനാണ്‌. ജീവകാരുണ്യ പ്രവർത്തന മേഖലകളിലും സജീവ സാന്നിധ്യം. 40 നിർധന പെൺകുട്ടികളുടെ വിവാഹമടക്കം നിരവധി പ്രവർത്തനങ്ങൾക്ക്‌ അദ്ദേഹം നേതൃത്വം നൽകി.

പെരുമ്പള്ളി പ്രൈമറി സ്‌കൂൾ, മുളന്തുരുത്തി ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. തുടർന്ന് അയർലൻഡിലെ ഡബ്ലിൻ സെന്റ് പാട്രിക് കോളേജിൽനിന്ന് വേദശാസ്ത്രത്തിൽ ബിരുദവും ഡബ്ലിൻ സർവകലാശാലയിൽനിന്ന് എംഫില്ലും അമേരിക്കയിൽനിന്ന് ക്ലിനിക്കൽ പാസ്​റ്ററൽ കൗൺസലിങ്ങിൽ ഡിപ്ലോമയും കരസ്ഥമാക്കി. 

മുപ്പത്‌ വർഷമായി കൊച്ചി ഭദ്രാസന മെത്രാപോലീത്തയുടെ ചുമതല വഹിക്കുന്നു. 18 വർഷമായി സഭയുടെ സുന്നഹദോസ് സെക്രട്ടറിയും എക്യുമെനിക്കൽ വേദികളിൽ സഭയുടെ പ്രതിനിധിയുമാണ്‌. ഗൾഫ്‌, യൂറോപ്യൻ  ഭദ്രാസനങ്ങളുടെയും തെക്കൻ ഭദ്രാസനങ്ങളുടെയും അങ്കമാലി ഭദ്രാസനത്തിൽ വിവിധ മേഖലകളുടെയും ചുമതലകൾ വഹിച്ചിട്ടുണ്ട്‌. അഖില മലങ്കര സണ്ടേ സ്കൂൾ അസോസിയേഷൻ പ്രസിഡന്റ്, മഞ്ഞിനിക്കര തീർഥയാത്രാ സംഘം പ്രസിഡന്റ് തുടങ്ങിയ ചുമതലകളും വഹിച്ചു.

2019 ആഗസ്ത് 28ന് പുത്തൻകുരിശിൽ ചേർന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ, സഭാ മെത്രപോലീത്തൻ ട്രസ്റ്റിയായി തെരഞ്ഞെടുത്തു. തുടർന്ന് ഫെബ്രുവരിയിൽ മലങ്കര മെത്രാപോലീത്തയുടെ ചുമതല ഏറ്റെടുത്തു. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ അനാരോഗ്യത്തെത്തുടർന്ന് പാത്രിയർക്കീസ് ബാവാ കാതോലിക്കോസ് അസിസ്റ്റന്റായി നിയമിച്ചു. സഭയുടെ കീഴിലുള്ള വിവിധ കോളേജുകളുടെ മാനേജരായ ഗ്രിഗോറിയോസ് കോട്ടയം പത്താമുട്ടം സെന്റ് ഗിറ്റ്സ് എൻജിനിയറിങ് കോളേജ് പ്രസിഡന്റ്, മരട് ഗ്രിഗോറിയൻ പബ്ലിക്‌ സ്കൂൾ സ്ഥാപകൻ, ജോർജിയൻ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ മാനേജർ, എരൂർ ജെയ്നി സെൻട്രൽ സ്പെഷ്യൽ സ്കൂൾ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.

യാക്കോബായ സുറിയാനി സഭയുടെ പുതിയ കാതോലിക്കാ ബാവാ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, സഹോദരങ്ങൾ പരേതയായ ശാന്ത, ഉമ്മച്ചൻ, വർഗീസ് എന്നിവർക്കൊപ്പം (ഫയൽചിത്രം)
 

ആപത്തുകളിൽ തുണയായ കരങ്ങൾ
പ്രളയകാലത്ത്‌ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ മുന്നിലുണ്ടായിരുന്നു ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്. 2018, 2019 വർഷങ്ങളിൽ പ്രളയബാധിതർക്കായി സംസ്ഥാന സർക്കാരുമായി ചേർന്ന് ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോവിഡ് കാലത്തും നൂറുകണക്കിന് കുടുംബങ്ങൾക്ക് സഹായങ്ങൾ എത്തിച്ചു. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. മഹാമാരിയിൽ മരിച്ചവരെ സംസ്‌കരിക്കുന്നതിന്‌ ഭദ്രാസനത്തിലെ യുവജനങ്ങളുടെ സന്നദ്ധസേനയ്ക്ക് രൂപംനൽകി. ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാപിച്ച താബോർ ഹൈറ്റ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മെട്രോപൊളിറ്റൻ പുവർ റിലീഫിന്റെയും ആഭിമുഖ്യത്തിൽ നിരവധി സാധുജന സംരക്ഷണപ്രവർത്തനങ്ങൾ നടന്നുവരികയാണ്‌. മുളന്തുരുത്തി ഗവ. ആശുപത്രിയോടുചേർന്ന് പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സെന്ററും ആരംഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സൗജന്യപഠനത്തിനും തൊഴിൽപരിശീലനത്തിനുമായി തൃപ്പൂണിത്തുറ എരൂരിൽ ജെയ്നി സെന്റർ എന്ന സ്ഥാപനവും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. 1995ൽ സംസ്ഥാന ഹൗസിങ് ബോർഡുമായി ചേർന്ന് വെട്ടിക്കൽ പട്ടികജാതി കോളനി ഏറ്റെടുത്ത് വീടും സൗകര്യങ്ങളും ഏർപ്പെടുത്തി. വീടും സ്ഥലവും ഇല്ലാത്തവർക്കായി 2014ൽ സുരക്ഷിത ഭവനപദ്ധതിപ്രകാരം കാരിക്കോട് ഫ്ലാറ്റ് സമുച്ചയം നിർമിച്ചുനൽകി. നഴ്സിങ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പും നിർധനരോഗികൾക്ക് ചികിത്സാ സഹായവും ഉൾപ്പെടെ നൽകിവരുന്നു.

ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്‌, സുറിയാനി ഓർത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്‌ക്കൊപ്പം

 

 


 



deshabhimani section

Related News

View More
0 comments
Sort by

Home