മാർ ഗ്രിഗോറിയോസ് യാക്കോബായ സഭ കാതോലിക്കാ ബാവാ

പുത്തൻകുരിശ് (എറണാകുളം)
യാക്കോബായ സുറിയാനി സഭയുടെ പുതിയ കാതോലിക്കാ ബാവായായി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസിനെ പ്രഖ്യാപിച്ചു. ഞായർ രാവിലെ മലേക്കുരിശ് ദയറായിൽ കുർബാനക്കിടെയായിരുന്നു സുറിയാനി ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പ്രഖ്യാപനം നടത്തിയത്. അറുപത്തിനാലുകാരനായ ജോസഫ് മാർ ഗ്രിഗോറിയോസ് നിലവിൽ സഭയുടെ മലങ്കര മെത്രാപൊലീത്തയാണ്. കാതോലിക്കാ അസിസ്റ്റന്റായും പ്രവർത്തിക്കുന്നു. 30 വർഷമായി കൊച്ചി ഭദ്രാസനാധിപനാണ്.
1960 നവംബർ 10ന് മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളി ശ്രാമ്പിക്കൽ പള്ളത്തട്ടയിൽ പരേതരായ വർഗീസിന്റെയും സാറാമ്മയുടെയും നാലാമത്തെ മകനായാണ് ജനനം. ബംഗളൂരു സെന്റ് മേരീസ് പള്ളി വികാരിയായി നാലുവർഷം സേവനമനുഷ്‌ഠിച്ചു.
പാത്രിയർക്കീസ് ബാവാ
മലേക്കുരിശ് ദയറായിൽ
കുർബാന അർപ്പിച്ചു
സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മലേക്കുരിശ് ദയറായിൽ കുർബാന അർപ്പിച്ചു. ബാവായുടെ പ്രതിനിധിസംഘത്തിലെ ക്ലീമിസ് ഡാനിയേല്‍ മെത്രാപോലീത്ത, ജോസഫ് ബാലി മെത്രാപോലീത്ത, ബാവായുടെ മലങ്കര അഫയേഴ്സ് സെക്രട്ടറി മര്‍ക്കോസ് മാർ ക്രിസ്റ്റഫോറോസ് മെത്രാപോലീത്ത, സെക്രട്ടറി ഔഗേന്‍ അല്‍ഖൂറി അല്‍ക്കാസ് മെത്രാപോലീത്ത എന്നിവരും സംബന്ധിച്ചു. കാതോലിക്കാ ബാവായെ കബറടക്കിയിരിക്കുന്ന പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന സന്ധ്യാപ്രാർഥനയ്‌ക്ക് പാത്രിയർക്കീസ് ബാവാ നേതൃത്വം നൽകി.


ബസേലിയോസ് തോമസ്
പ്രഥമൻ ബാവായുടെ
40–-ാം ഓര്‍മദിനം ഇന്ന്
ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40–--ാംഓര്‍മദിനം തിങ്കളാഴ്ച ആചരിക്കും. രാവിലെ ഏഴിന് പാത്രിയര്‍ക്കാസെന്ററില്‍നിന്ന് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയര്‍ക്കീസ് ബാവായെയും മെത്രാപൊലീത്തമാരെയും സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്ക് ആനയിക്കും. 7.30ന് പ്രഭാതപ്രാര്‍ഥനയും 8.30ന് പാത്രിയര്‍ക്കീസ് ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയും നടക്കും. തുടര്‍ന്ന് ചേരുന്ന അനുസ്മരണ യോഗത്തില്‍ പാത്രിയര്‍ക്കീസ് ബാവാ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവര്‍ക്കുമായി വിരുന്നുമൊരുക്കിയിട്ടുണ്ട്.
ഗതാഗതക്രമീകരണം
കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 40–--ാം ഓർമദിനാചരണത്തിന് ക്രമീകരണങ്ങളായി. ചടങ്ങിന് മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, കോലഞ്ചേരി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ വിശ്വാസികളെ പുത്തൻകുരിശ് ജങ്‌ഷനിൽ ഇറക്കി സമീപത്തെ കത്തോലിക്ക പള്ളിയുടെ ഇരുവശങ്ങളിലുമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. പിറവം, മുളന്തുരുത്തിവഴി വരുന്ന വാഹനങ്ങൾ പുത്തൻകുരിശ് വലിയപള്ളി ഗ്രൗണ്ട്, എംജെഎസ്എസ്എ, എംഎ എംഎച്ച്എസ് ഗ്രൗണ്ട്, മലേക്കുരിശ് ദയറാ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. തൃപ്പൂണിത്തുറ, തിരുവാങ്കുളം, അമ്പലമേട് എന്നിവിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ പുത്തൻകുരിശ് കാവുംതാഴം മൈതാനത്തും വടവുകോട് റൂട്ടിൽ പോൾ പി മാണി ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.









0 comments