കൊച്ചിൻ കാർണിവലിന് തുടക്കമായി

മട്ടാഞ്ചേരി
നാൽപ്പത്തൊന്നാം കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾ ഫോർട്ട് കൊച്ചിയിൽ തുടങ്ങി. വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തിൽ മേയര്‍ എം അനില്‍കുമാര്‍, ഫോർട്ട് കൊച്ചി സബ്കലക്ടർ കെ മീര, കെ എം പ്രതാപൻ, സോമൻ എം മേനോൻ, കെ പി രവീന്ദ്രൻ, ഐഎൻഎസ് ദ്രോണാചാര്യ കമാന്‍ഡിങ് ഓഫീസർ മാനവ് സെഹ്ഗാൽ, കോസ്റ്റ് ഗാർഡ് ഡിഐജി എൻ രവി, കെ എം പവിത്രൻ, എച്ച് ഹിദായത്ത് വിമുക്തസൈനികര്‍ എന്നിവർ പുഷ്പചക്രമർപ്പിച്ചു. യുദ്ധസ്മാരകത്തില്‍ പള്ളിയിലെ ഗായകസംഘം സമാധാന സന്ദേശഗാനം ആലാപിച്ചു.
വിമുക്ത സൈനികരുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരായ ജോസഫ് സന്തോഷ്, എ കെ സുരേഷ് കുമാർ, ജോസ് ജോസഫ് എന്നിവരെ ആദരിച്ചു.
പുതുവര്‍ഷദിനംവരെ ഫോര്‍ട്ട് കൊച്ചിയില്‍ കലാകായിക, -സാംസ്കാരിക പരിപാടികൾ നടക്കും. 31ന് പാപ്പാഞ്ഞിയെ കത്തിച്ച് പുതുവത്സര റാലി എന്നിവയോടെ ആഘോഷം സമാപിക്കും. സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിനുപേര്‍ പുതുവത്സരാഘോഷത്തിൽ പങ്കാളികളാകും. 1981ൽ കൊച്ചി കടപ്പുറം കേന്ദ്രീകരിച്ച് തുടങ്ങിയ ബീച്ച് ഫെസ്റ്റിവലാണ് 1982ൽ കൊച്ചിൻ കാർണിവലായത്.
0 comments