സുസ്ഥിരനിർമ്മാണത്തിലേക്ക് കേരളം അതിവേഗം മാറണം: യു എൽ കോൺക്ലേവ്

കൊല്ലം> സുസ്ഥിരനിർമ്മാണരീതികളിൽ രാജ്യത്തിനു വഴികാട്ടാൻ കേരളത്തിനു കഴിയുമെന്ന പ്രത്യാശ പങ്കുവച്ചും അത്തരം സാങ്കേതികവിദ്യകൾക്കും സമീപനങ്ങൾക്കും കേരളം വർദ്ധിച്ച മുൻഗണന നല്കണമെന്ന് ആഹ്വാനം ചെയ്തും യുഎൽ അന്താരാഷ്ട്ര സുസ്ഥിരനിർമ്മാണ കോൺക്ലേവ് സമാപിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ് ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ് കൺസ്‌ട്രക്‌ഷനിൽ ത്രിദിന കോൺക്ലേവ് സംഘടിപ്പിച്ചത്. കേരളത്തിന് സുസ്ഥിരനിർമ്മാണത്തിനുള്ള നയവും നിയമങ്ങളും ആവിഷ്ക്കരിക്കാൻ ആവശ്യമായ ആശയാടിത്തറ ഒരുക്കാൻ കോൺക്ലേവിനു കഴിഞ്ഞതായി അവലോകനറിപ്പോർട്ട് വിലയിരുത്തി.
ലോകത്തെ പ്രമുഖ സർവ്വകലാശാലകളിലും ഗവേഷണസ്ഥാപനങ്ങളിലും നിർമ്മാണക്കമ്പനികളിലും നിന്നുള്ള 46 വിദഗ്‌ധർ കോൺക്ലേവിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. നാലു പാനൽ ചർച്ചകളിലും പത്തു സാങ്കേതിക സെഷനുകളിലുമായി 30 വിഷയങ്ങൾ കോൺക്ലേവ് ചർച്ച ചെയ്തു. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള 1094 പ്രതിനിധികൾ പങ്കെടുത്തു.
സമാപനസമ്മേളനം എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. ഡോ. സുജിത്ത് വിജയൻ പിള്ള എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. തിരുപ്പതി ഐഐറ്റി ഡയറക്ടർ പ്രൊഫ. എൻ കെ സത്യനാരായണ വിശിഷ്ടാതിഥിയായി. യുഎൽസിസിഎസിന്റെ പ്രിൻസിപ്പൽ കൺസൾട്ടിങ് അഡ്വൈസർ ഡോ. എ വി തോമസ് കോൺക്ലേവിന്റെ അവലോകനറിപ്പോർട്ട് അവതരിപ്പിച്ചു.
സിംഗപ്പൂർ അർക്കാഡിസിന്റെ ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ശ്രീകാന്ത് എപിവി, അമേരിക്കയിലെ അരിസോണ സർവ്വകലാശാല പ്രൊഫ. നാരായണൻ നെയ്താലത്ത്, വിഴിഞ്ഞം തുറമുഖപദ്ധതിയുടെ മുൻ എംഡിയും സിഇഒയും ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രിൻസിപ്പൽ അഡ്വൈസറുമായ ഡോ. ജയകുമാർ, യുഎൽസിസിഎസ് സിഒഒ അരുൺ ബാബു എന്നിവർ കോൺക്ലേവിനെ വിലയിരുത്തി സംസാരിച്ചു. യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി സ്വാഗതവും ഐഐഐസി ഡയറക്ടർ ഡോ. ബി. സുനിൽ കുമാർ നന്ദിയും പറഞ്ഞു.
കോൺക്ലേവിന്റെ മൂന്നാം ദിവസം ഗതാഗതം, ഊർജ്ജം, എന്നീ രംഗങ്ങളിലെ ആധുനികവും സുസ്ഥിരവുമായ സാങ്കേതികവിഷയങ്ങളും ആധുനികജീവിതരീതിയിലെ സുസ്ഥിരതാഘടകങ്ങളുമാണ് ചർച്ച ചെയ്തത്. അതിവേഗ റയിൽപ്പാത, എക്സ്പ്രസ് വേ, തുരങ്കങ്ങൾ തുടങ്ങിയ വിവിധതരം നിർമ്മാണങ്ങളും വൈദ്യുതിരംഗത്ത് പമ്പ്ഡ് സ്റ്റോറേജ്, വൈദ്യുതിസംഭരണം പോലെയുള്ള വിഷയങ്ങളും പ്രായോഗികതയിൽ ഊന്നി വിശകലനം ചെയ്യപ്പെട്ടു.









0 comments