ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി: മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവിന് വധശിക്ഷ

മാന്നാർ > മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവിന് വധശിക്ഷ. ആലുംമൂട് ജങ്ഷന് തെക്ക് കുട്ടമ്പേരൂർ താമരപ്പള്ളിൽ വീട്ടിൽ ജയന്തി(39)യെ കൊലപ്പെടുത്തിയതിനാണ് ഭർത്താവ് ജി കുട്ടികൃഷ്‌ണനെ(60) വധശിക്ഷയ്ക്ക് വിധിച്ചത്. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി ജി ശ്രീദേവിയാണു ശിക്ഷ വിധിച്ചത്.
2004 ഏപ്രിൽ രണ്ടിനാണ് മാന്നാറിനെ നടുക്കിയ സംഭവം നടന്നത്. കുട്ടികൃഷ്‌ണനും ഭാര്യ ജയന്തിയും തമ്മിൽ പകൽ താമരപ്പള്ളിൽ വീട്ടിൽ വച്ച് വഴക്കുണ്ടായി. ജയന്തിയെ ഭിത്തിയിൽ ഇടിപ്പിച്ചു ബോധംകെടുത്തി ചുറ്റിക ഉപയോഗിച്ച് തലയ്‌ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് കഴുത്ത് അറുത്തെടുത്ത് തറയിൽവച്ചു. പിറ്റേന്ന് രാവിലെ പൊലീസിൽ കീഴടങ്ങുകയായിരുന്നു. സംശയത്തെ തുടർന്നുള്ള വൈരാഗ്യമായിരുന്നു കൊലപ്പെടുത്താൻ കാരണം. ഒന്നര വയസ്സുള്ള മകളുടെ കൺമുന്നിൽവെച്ചാണ് പ്രതി ക്രൂര കൊലപാതകം നടത്തിയത്.
പൊലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡിൽ കഴിഞ്ഞ കുട്ടികൃഷ്‌ണൻ ജാമ്യത്തിലിറങ്ങിയ ശേഷം മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്നിൽ വിസ്‌താര നടപടികൾക്കായി കേസ് അവധിക്കുവച്ച സമയം ഒളിവിൽ പോകുകയായിരുന്നു. ഒളിവിൽ പോയ കുട്ടികൃഷ്‌ണനെ പിടികൂടാനായി നിരവധി തവണ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒളിവിൽ പോയി 14 വർഷമായ കേസിൽ പ്രതിയെ പിടികൂടികൂടുന്നതിനായി 2023 ജൂണിൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാർ, മാന്നാർ എസ് എച്ച് ഒ ജോസ് മാത്യു എസ്ഐസിഎസ് അഭിരാം,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്‌ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്ക്കർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. തുടർന്ന് 19 വർഷങ്ങൾക്ക് ശേഷം 2023 ഒക്ടോബറിൽ കളമശേരിയിൽ നിന്നുമാണ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി വി സന്തോഷ്‌കുമാർ ഹാജരായി.
Related News

0 comments