ഐഎഫ്എഫ്കെയിൽ മധു അമ്പാട്ട് റെട്രോസ്പെക്റ്റീവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 12:05 PM | 0 min read

തിരുവനന്തപുരം > ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടിന്റെ നാലു ചിത്രങ്ങൾ ഐഎഫ്എഫ്‌കെ റെട്രോസ്‌പെക്റ്റിവ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. അഞ്ച് പതിറ്റാണ്ടായി ചലച്ചിത്ര മേഖലയ്ക്ക് നൽകി വരുന്ന സംഭാവനകൾക്കുള്ള  അംഗീകാരമായാണ് അന്താരാഷ്ട്ര ചലച്ചിത്രമേള മധു അമ്പാട്ടിനെ ആദരിക്കുന്നത്. 1:1.6 ആൻ ഓഡ് ടു ലോസ്റ്റ് ലവ്, പിൻവാതിൽ, അമരം, ഒകാ മാഞ്ചീ പ്രേമ കഥ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.

കാലത്തിനും ദേശത്തിനും അതീതമായി ഛായാഗ്രഹണകലയുടെ വ്യാകരണം പുതുക്കിപ്പണിഞ്ഞു കൊണ്ടിരിക്കുന്ന ചലച്ചിത്രകാരനാണ് മധു അമ്പാട്ട്. പുതുമയുള്ള  സിനിമകളുടെ സാക്ഷാത്കാരത്തിനായി യുവസംവിധായകരോടും സാങ്കേതികപ്രവർത്തകരോടും സഹകരിക്കാൻ അദ്ദേഹം സദാ സന്നദ്ധത പുലർത്തി.

1949 മാർച്ച് 6 ന് എറണാകുളം ജില്ലയിൽ ജനിച്ച മധു അമ്പാട്ട് 1973 ൽ പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മികച്ച ഛായാഗ്രാഹക വിദ്യാർത്ഥിക്കുള്ള സ്വർണ്ണ മെഡലോടു കൂടി പഠനം പൂർത്തിയാക്കി. വിഖ്യാത ചലച്ചിത്രകാരൻ രാമു കാര്യാട്ട് സംവിധാനം ചെയ്ത ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ എന്ന ഡോക്യുമെന്ററിയിൽ പ്രവർത്തിച്ചുകൊണ്ടായിരുന്നു തുടക്കം. 1974 ൽ ഡോ. ബാലകൃഷ്ണൻ സംവിധാനം ചെയ്ത പ്രേമലേഖനം ആണ് സ്വതന്ത്രമായി ഛായാഗ്രഹണം നിർവഹിച്ച ആദ്യ സിനിമ. ഒൻപത് ഭാഷകളിലായി 250 ൽ പരം ചിത്രങ്ങൾക്ക് മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചു. വിഖ്യാത ഹോളിവുഡ് സംവിധായകൻ മനോജ് നൈറ്റ് ശ്യാമളന്റെ പ്രേയിങ് വിത്ത് ആങ്കറിലും ജഗ്‌മോഹൻ മുണ്ട്രയുടെ പ്രൊവോക്ക്ഡിലും ഛായാഗ്രാഹകനായി പ്രവർത്തിച്ച മധു അമ്പാട്ട് മികച്ച ക്യാമറാമാനുള്ള ദേശീയ പുരസ്കാരം മൂന്നു തവണ നേടി. 1984ആദി ശങ്കരാചാര്യ, 2006ശൃംഗാരം, 2010ആദാമിന്റെ മകൻ അബു എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന് പുരസ്കാരം നേടിക്കൊടുത്തത്. ആൻ ഓഡ് റ്റു ലോസ്റ്റ്‌ ലവ് എന്ന ചിത്രത്തിൽ നിന്ന്

മധു അമ്പാട്ട് ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച്, 2005ൽ പുറത്തിറങ്ങിയ ചിത്രമാണ് 1:1.6, ആൻ ഓഡ് റ്റു ലോസ്റ്റ്‌ ലവ്. പ്രണയത്തിന്റെ സങ്കീർണതകളും വിരഹവുമാണ് ചിത്രത്തിന്റെ പ്രമേയം. മൂന്ന് വ്യക്തികൾക്കിടയിൽ ഉരുത്തിരിയുന്ന പ്രണയവും മാനസിക സംഘർഷങ്ങളും  മധുവിന്റെ ക്യാമറ തീക്ഷ്ണതയോടെയും സൂക്ഷ്മതയോടെയും പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചു.

മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളെ വരച്ചുകാട്ടുന്ന ഭരതൻ ചിത്രമാ  അമരത്തിൽ ചിത്രകലയുടെ സാധ്യതകളെ ഫ്രെമുകളിൽ സന്നിവേശിപ്പിച്ചപ്പോൾ പിറന്നു വീണത് മലയാളത്തിലെ എക്കാലത്തെയും മികച്ച ദൃശ്യാനുഭവമാണ്.അമരം എന്ന ചിത്രത്തിൽ നിന്ന്

ജെ സി ജോർജ്  സംവിധാനവും മധു അമ്പാട്ട് ഛായാഗ്രഹണവും നിർവഹിച്ച പിൻവാതിൽ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം ഐഎഫ്എഫ്‌കെയിൽ നടക്കും.

കോർപ്പറേറ്റ് ജീവിതത്തിൽ നട്ടം തിരിയുന്ന സുജാതയുടെയും, അമ്മ രംഗമണിയുടെയും കഥപറയുന്ന തെലുങ്ക് ചിത്രമാണ് അക്കിനേനി കുടുമ്പ റാവു സംവിധാനം ചെയ്ത ഒകാ മാഞ്ചീ പ്രേം കഥ. തൊഴിലിടങ്ങളിലെ മാനസിക പിരിമുറുക്കങ്ങളും നഗര ഗ്രാമാന്തര ജീവിതങ്ങളും ഛായാഗ്രാഹകൻ സൂക്ഷ്മമായി ചിത്രീകരിക്കുന്നു. ഈ ചിത്രത്തിന്റെയും ആദ്യ പ്രദർശനം മേളയിൽ ഉണ്ടാകും.

ഷാജി എൻ  കരുണുമായി ചേർന്ന് മധു-ഷാജി എന്ന പേരിൽ ക്യാമറാജോഡി രൂപീകരിക്കുകയും ഞാവൽപഴങ്ങൾ, മനുഷ്യൻ, ലഹരി എന്നീ മലയാള ചിത്രങ്ങങ്ങൾക്ക് ഛായാഗ്രഹണം നിർവഹിക്കുകയും ചെയ്തു.

ഏഷ്യയിലെ തന്നെ അറിയപ്പെടുന്ന ഛായാഗ്രാഹകനായ അദ്ദേഹം നിരവധി ദേശീയ-അന്തർദേശീയ-സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. ന്യൂയോർക്ക് റോചെസ്റ്റൻ അവാർഡ്, മികച്ച ഛായാഗ്രാഹകനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്, രാമു കാര്യാട്ട് അവാർഡ്, സംസ്ഥാന സർക്കാരിന്റെ മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് എന്നിവ ഇതിൽപ്പെടുന്നു.

ഡിസംബർ 16 ന്  നിളാ തിയേറ്ററിൽ ഈ വിഭാഗത്തിലെ ആദ്യ പ്രദർശനം നടക്കും.



deshabhimani section

Related News

0 comments
Sort by

Home