‘ആത്മ’യിലെ ആരെയും അപമാനിച്ചിട്ടില്ല. കാളപെറ്റെന്ന് കേട്ടയുടൻ കയറെടുക്കരുത്‌' : പ്രേംകുമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 12:15 AM | 0 min read


തിരുവനന്തപുരം
ചില സീരിയലുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളെയും നിലപാടുകളെയുംകുറിച്ച് പരസ്യസംവാദത്തിന്‌ സീരിയൽ അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’ തയ്യാറാണോയെന്ന്‌ നടൻ പ്രേംകുമാർ. ഈ മേഖലയുടെ നവീകരണവും ഉന്നമനവും ഉറപ്പുവരുത്തി ആരുടെയും അന്നംമുട്ടാതിരിക്കാനുള്ള പ്രവർത്തനങ്ങളുമായി ഏതറ്റം വരെയും പോകാൻ തയ്യാറാണ്. ഞാൻ സീരിയൽവിരുദ്ധനല്ല. ഉള്ളടക്കത്തെയാണ് വിമർശിച്ചത്‌. തന്നെ നിശബ്ദനാക്കാൻ കഴിയില്ല. കൈയടിക്കുവേണ്ടി ആരോപണങ്ങൾ ഉയർത്തിയെന്ന ‘ആത്മ’യുടെ തുറന്ന കത്തിനു മറുപടിയിലാണ്‌ ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ പ്രേംകുമാ‍ർ നിലപാട്‌ ആവർത്തിച്ചത്‌.

സീരിയലുകളുമായി ബന്ധപ്പെട്ട് ഞാൻ മുമ്പും പലയാവർത്തി പറഞ്ഞിട്ടുള്ള വിമർശമാണ്‌ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌. നിലപാടിൽ ഉറച്ചുനിൽക്കുന്നു. ചില സീരിയലുകൾ സംസ്‌കാരത്തെ മുറിപ്പെടുത്തുന്നവയാണ്‌. മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുന്നു. ജീവിതവും ബന്ധങ്ങളും അങ്ങനെയാണെന്ന് പുതുതലമുറ തെറ്റിദ്ധരിക്കുകയാണ്. ‘ആത്മ’യിലെ ആരെയും അപമാനിച്ചിട്ടില്ല. കാളപെറ്റെന്ന് കേട്ടയുടൻ കയറെടുക്കരുത്‌. ചില പരിപാടികൾ നമുടെ ഭാഷയെയും സംസ്‌കാരത്തെയും മലിനപ്പെടുത്തുന്നുണ്ട്.

കലയുടെ പേരിൽ കടന്നുവരുന്ന വ്യാജ നിർമിതികൾ എൻഡോസൾഫാനെ പോലെ അപകടകരം എന്നാണ്‌ പറഞ്ഞത്. ക്രിയാത്മകമായ വിമർശനങ്ങളും നിർദേശങ്ങളും ശരിയായ അർഥവും ഉദ്ദേശശുദ്ധിയും മനസിലാക്കാതെ പുച്ഛിച്ചുതള്ളുകയും അത് ഉയർത്തുന്നവരെ വ്യക്തിപരമായ അധിക്ഷേപിക്കുകയും ചെയ്യുന്നത്‌ സംഘടനക്ക് ഭൂഷണമല്ല–- പ്രേംകുമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home