യുദ്ധകലയിൽനിന്ന്‌ 'സംഘർഷ ഘടന' ഐഎഫ്‌എഫ്‌കെയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 08:52 AM | 0 min read

തിരുവനന്തപുരം > പുരാതന ചൈനീസ്‌ യുദ്ധതന്ത്രത്തെക്കുറിച്ചുള്ള കൃതിയുടെ ആവിഷ്‌കാരവുമായി കൃഷാന്ദ്‌ ചിത്രം. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ( ഐഎഫ്‌എഫ്‌കെ) മലയാളം സിനിമാ ടുഡേയിലാണ്‌ 'സംഘർഷ ഘടന' എന്ന പേരിലുള്ള ചിത്രം പ്രദർശിപ്പിക്കുക. 2500 വർഷം മുമ്പ്‌  ചൈനയിലെ സേനാധിപനായിരുന്നു സുങ്‌ ത്സു. അദ്ദേഹം രചിച്ച കൃതിയാണ്‌ ദ ആർട്‌ ഓഫ്‌ വാർ ( യുദ്ധകല). മലയാളത്തിലും പുസ്‌തകത്തിന്റെ പരിഭാഷ ലഭ്യമാണ്‌.  ആവാസവ്യൂഹം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പുതിയ ദൃശ്യഭാഷയുണ്ടാക്കിയ ചലച്ചിത്രകാരനാണ്‌ കൃഷാന്ദ്‌.

പുരുഷ പ്രേതം എന്ന ചിത്രത്തിനുശേഷം തുടങ്ങാനിരുന്ന ചിത്രം വഴിമാറിയപ്പോഴാണ്‌ 'സംഘർഷ ഘടന' മനസ്സിലേക്ക്‌ വന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. നിരവധി സ്വതന്ത്ര സിനിമകൾ ഇത്തവണ മേളയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. വലിയ പ്രതീക്ഷയോടെയാണ്‌ തിരുവനന്തപുരത്ത്‌ എത്തുന്നതെന്നും കൃഷാന്ദ്‌ കൂട്ടിച്ചേർത്തു. റൊമാനിയയിൽ നടന്ന ഈസ്‌റ്റേൺ യൂറോപ്യൻ ഫിലിം ഫെസ്‌റ്റിവൽ, ജർമനിയിൽ നടന്ന പാരഡൈസ്‌ ഫിലിം ഫെസ്‌റ്റിവൽ എന്നിവിടങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിക്കഴിഞ്ഞു ‘സംഘർഷ ഘടന’.

മൃദുല മുരളി, അനുവർഗീസ്‌, മേഘ, രഞ്‌ജിത്‌, രാഹുൽ കൃഷ്‌ണ, പൊന്നൻ തേവര, ജെയിൻ ആൻഡ്രൂസ്‌, പ്രശാന്ത്‌ മാധവൻ തുടങ്ങിയവരാണ്‌ അഭിനയിച്ചത്‌. സോണി ലൈവിൽ ഫെബ്രുവരിയിൽ സംഭവ വിവരണം 'നാലരസംഘം' എന്ന പേരിൽ കൃഷാന്ദ്‌ സംവിധാനം ചെയ്‌ത വെബ്‌സിരീസ്‌ പുറത്തിറങ്ങും. ഇതിന്റെ കഥയും തിരക്കഥയും  കൃഷാന്ദാണ്‌. ജഗദീഷ്, ഇന്ദ്രൻസ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായൻ മാത്രമല്ല നിർമാതാവായും കൃഷാന്ദ്‌ തിരക്കിലാണ്‌. രണ്ടുസിനിമകളുടെ ചർച്ചകൾകൂടി പുരോഗമിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.
 



deshabhimani section

Related News

0 comments
Sort by

Home