പൂജാ ബമ്പർ ; ആ ഭാഗ്യവാൻ ദിനേഷ്‌കുമാർ

കൊല്ലം
ഓണം ബമ്പറോളംതന്നെ മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന പൂജാ ബമ്പർ നറുക്കെടുപ്പിൽ ഒന്നാംസമ്മാനം കരുനാഗപ്പള്ളി സ്വദേശി ദിനേഷ്‌കുമാറിന്. കൊല്ലം കെഎസ്ആർടിസി ഡിപ്പോക്കു സമീപമുള്ള ജയകുമാർ ലോട്ടറി ഏജൻസിയിൽനിന്ന് കരുനാഗപ്പള്ളി തഴവ തൊടിയൂർ നോർത്ത് കൊച്ചയ്യത്ത് കിഴക്കതിൽ ദിനേഷ്‌കുമാർ(39) വാങ്ങിയ പത്തുടിക്കറ്റുകളിൽ ജെസി 325526 എന്ന ടിക്കറ്റിലാണ് 12 കോടി രൂപ ബമ്പറടിച്ചത്.
ഡെയറിഫാം നടത്തുന്ന ദിനേഷ് ഫലം ബുധനാഴ്ച ഉച്ചയോടെ ടിവി വാർത്തയിലൂടെയാണ് അറിഞ്ഞത്. അടുത്ത സുഹൃത്തിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങുകളുടെ തിരക്കിലായതിനാൽ ഭാഗ്യവാനായതിന്റെ രഹസ്യം ആരോടും പറയാതെ ക്ഷമയോടെ കാത്തു. ഭാര്യ രശ്മിയെയും മക്കൾ ധീരജ, ധീരജ് എന്നിവരെയും സന്തോഷം അറിയിച്ചത് വ്യാഴാഴ്‌ച രാവിലെ. വിവാഹമായതിനാൽ മറ്റാരും അറിയരുതെന്ന ഗ്യാരന്റിയിൽ ഏജൻസി ഉടമ വിജയകുമാറിനെ ബുധൻ വൈകിട്ടോടെ ഫോണിൽ വിളിച്ച് വിവരം പങ്കുവച്ചു. വ്യാഴം രാവിലെ വിവരമറിഞ്ഞ വീട്ടുകാർ ഉൾപ്പെടെ ആദ്യം വിശ്വസിക്കാൻ തയ്യാറായിരുന്നില്ലെന്നും ടിക്കറ്റ് സ്‌കാൻ ചെയ്തുകാണിച്ചപ്പോഴാണ് എല്ലാവരും ഞെട്ടിയതെന്നും ദിനേഷ് പറഞ്ഞു. ബമ്പർ ടിക്കറ്റുകൾമാത്രം വാങ്ങാറുള്ള ദിനേഷിന് ഇതിനുമുമ്പ് 50000, 10000 രൂപ വീതം സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.









0 comments