എലത്തൂരിലെ ഇന്ധന ചോർച്ച വിദഗ്‌ധസംഘം പരിശോധന നടത്തും: മന്ത്രി എ കെ ശശീന്ദ്രൻ

എലത്തൂർ
എലത്തൂരിൽ ഇന്ധനം പുറത്തേക്കൊഴുകിയതുമായി ബന്ധപ്പെട്ട് വിദഗ്‌ധ സംഘത്തെ കൊണ്ടുവന്ന് പരിശോധിപ്പിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഹിന്ദുസ്ഥാൻ കമ്പനിയുടെ ഹെഡ്ക്വാർട്ടേഴ്‌സുമായി ബന്ധപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രാലയവുമായി ബന്ധപ്പെട്ടുവരികയാണെന്നും എലത്തൂർ ഡിപ്പോയിലെത്തി ഡിപ്പോ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയശേഷം മന്ത്രി പ്രതികരിച്ചു.
ജനങ്ങൾക്ക് വലിയ ഉത്കണ്‌ഠയുണ്ടായുണ്ടാക്കുന്ന നിലയിൽ ഡിപ്പോ നടത്തിക്കൊണ്ടുപോകാൻ സാധ്യമല്ലെന്ന നിലപാട് കേന്ദ്രമന്ത്രാലയത്തെ അറിയിക്കും. പിഴവുണ്ടെന്ന് മനസ്സിലായതോടെ ഫാക്ടറീസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. മെക്കാനിക്കൽ സിസ്റ്റവും പരാജയപ്പെട്ടു. വെള്ളിയാഴ്ച രാവിലെ തന്നെ ജലാശയങ്ങളും മറ്റും ശുചീകരിക്കും. കാര്യങ്ങൾ ജനങ്ങളിൽനിന്ന് മറച്ചുവച്ച് ജനങ്ങളെ ആശങ്കാകുലരാക്കരുതെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എഡിഎമ്മും ഉന്നത ഉദ്യോഗസ്ഥരും എച്ച്പിസിഎൽ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരും വെള്ളിയാഴ്ച വീണ്ടും ചർച്ച നടത്തും. ദുരന്തനിവാരണ അതോറിറ്റിയുമായി സംസാരിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാമെന്ന് റവന്യുമന്ത്രിയും പറഞ്ഞിട്ടുണ്ട്. വിദഗ്‌ധസംഘത്തിന്റെ പരിശോധന തൃപ്തികരമല്ലെങ്കിൽ മറ്റു വഴികൾ തേടുമെന്നും മന്ത്രി പറഞ്ഞു.









0 comments