ദേശീയപാത 66 ; 4 സ്ട്രച്ചുകളുടെ നിര്‍മാണം മാര്‍ച്ചിൽ പൂര്‍ത്തിയാക്കും

തിരുവനന്തപുരം
എൺപതു ശതമാനത്തിൽ കൂടുതൽ നിർമാണ പുരോഗതി കൈവരിച്ച തലപ്പാടി -ചെങ്കള, കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര വളാഞ്ചേരി, വളാഞ്ചേരി കാപ്പിരിക്കാട് സ്ട്രച്ചുകൾ മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി. ദേശീയപാത 66ന്റെ നിർമാണ പുരോഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ചർച്ച നടത്തും. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഓരോ സ്ട്രച്ചുകളുടെയും നിർമാണ പുരോഗതി പ്രത്യേകമായി മുഖ്യമന്ത്രി അവലോകനം ചെയ്‌തു. വിവിധ ജലാശയങ്ങളിൽനിന്നും മണ്ണ് എടുക്കുന്നതിനുള്ള അനുമതിക്കുള്ള അപേക്ഷകളിൽ വേഗത്തിൽ തീരുമാനം എടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഏഴോളം ജലസ്രോതസുകളിൽനിന്ന് മണ്ണെടുക്കാനുള്ള അനുമതി എൻഎച്ച്എഐ ചോദിച്ചിട്ടുണ്ടെന്നും അഷ്ടമുടി വേമ്പനാട്ട് കായൽ എന്നിവിടങ്ങളിൽനിന്ന് അനുമതി നൽകിയതായും ബാക്കിയുള്ളവ പരിശോധിക്കുകയാണെന്നും ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു.
ദേശീയപാത 66ന്റെ നിർമാണത്തിനായി 5580 കോടി രൂപ ഇതിനകം കേരളം മുടക്കി. 50 ശതമാനത്തിൽ താഴെ നിർമാണ പുരോഗതിയുള്ള സ്ട്രെച്ചുകളെ സംബന്ധിച്ച് യോഗം പ്രത്യേകമായി വിലയിരുത്തി. ഓരോ മാസവും അഞ്ചുശതമാനം പുരോഗതി ഉണ്ടായില്ലെങ്കിൽ കരാറുകാരനെ മാറ്റാനാണ് തീരുമാനം. യോഗത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസും പങ്കെടുത്തു.









0 comments