ഐഎഫ്എഫ്കെ: സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് പായല്‍ കപാഡിയയ്ക്ക്

തിരുവനന്തപുരം > കാന്‍ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രി ജേതാവ് പായൽ കപാഡിയയെ ഇരുപത്തിയൊൻപതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകി ആദരിക്കും. അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. ഡിസംബര്‍ 20ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേളയുടെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.
സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികൾക്കെതിരെ പൊരുതുന്ന ചലച്ചിത്രപ്രവർത്തകരെ ആദരിക്കുന്നതിനുവേണ്ടി 26-ാമത് ഐഎഫ്എഫ്കെയിലാണ് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഏർപ്പെടുത്തിയത്. കുർദിഷ് സംവിധായിക ലിസ കലാൻ ആയിരുന്നു പ്രഥമ ജേതാവ്. ഇറാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്‌നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങൾക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു എന്നിവരാണ് മുൻവർഷങ്ങളിൽ ഈ പുരസ്‌കാരത്തിന് അർഹരായത്.
ആദ്യ സംവിധാന സംരംഭത്തിന് കാന്‍ മേളയിൽ ഗ്രാൻഡ് പ്രി നേടുന്ന ഏക ഇന്ത്യൻ സംവിധായികയാണ് ഓള്‍ വി ഇമാജിൻ ഏസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ അഭിമാനാർഹമായ നേട്ടം കൈവരിച്ച പായൽ കപാഡിയ. ടെലിവിഷൻ നടനും രാഷ്ട്രീയ പ്രവർത്തകനുമായ ഗജേന്ദ്ര ചൗഹാനെ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ച നടപടിക്കെതിരെ നടന്ന സമരത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായിരുന്നു പായൽ കപാഡിയ. 139 ദിവസം നീണ്ടുനിന്ന സമരത്തെത്തുടർന്ന് പൊലീസ് അറസ്റ്റു ചെയ്ത 35 വിദ്യാർഥി കളിൽ 25-ാം പ്രതിയായിരുന്നു പായല്‍.
ഇതിനെത്തുടർന്ന് പായലിന്റെ സ്‌കോളർഷിപ്പ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് റദ്ദാക്കിയിരുന്നു. പായല്‍ സംവിധാനം ചെയ്ത എ നൈറ്റ് ഓഫ് നോയിംഗ് നത്തിംഗ് 2021ലെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം നേടിയിരുന്നു. ചിത്രത്തിന്റെ ആദ്യപ്രദർശനം മേളയിലെ ഡയറക്ടേഴ്‌സ് ഫോർട് നൈറ്റ് വിഭാഗത്തിലായിരുന്നു. ടോറന്റോ ചലച്ചിത്രമേളയിൽ ആംപ്‌ളിഫൈ വോയ്‌സസ് അവാർഡും ഈ ഡോക്യുമെന്ററിക്ക് ലഭിക്കുകയുണ്ടായി. ബുസാന്‍ മേളയിൽ ഈ ചിത്രം സിനിഫൈൽ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
1986 ല്‍ മുംബൈയിൽ ജനിച്ച പായൽ സെന്റ് സേവിയേഴ്‌സ് കോളേജ്, സോഫിയ കോളേജ് എന്നിവിടങ്ങളില്‍ നിന്നായാണ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ചലച്ചിത്രസംവിധാനം പഠിക്കാനായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടെ വിദ്യാർഥിയായിരിക്കെ സംവിധാനം ചെയ്ത ആഫ്റ്റർനൂൺ ക്‌ളൗഡ്‌സ് എന്ന ഹ്രസ്വചിത്രം കാൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മേളയില്‍ സെലക്ഷന്‍ ലഭിച്ച ഏക വിദ്യാർഥിയായിരുന്നു അന്ന് പായല്‍. മുംബൈ നഗരത്തിലെ മൂന്ന് സ്ത്രീകളുടെ വൈകാരിക ലോകത്തെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ഓള്‍ വി ഇമാജിൻ ഏസ് ലൈറ്റ് മേളയില്‍ പ്രദർശിപ്പിക്കും.
Related News

0 comments